തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടയുടെ ആക്രമണം. കഴക്കൂട്ടം കൽപ്പന കോളനിയിലാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയായ രതീഷാണ് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. കോളനിയിലെ സ്റ്റാലിൻ എന്നയാളുടെ വീടിനാണ് രതീഷ് തീയിട്ടത്. പ്രതി നേരത്തെയും സ്റ്റാലിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയിട്ടുണ്ട്. ഇതിനെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് പ്രതി വീട് കത്തിച്ചത്.
രതീഷിനെതിരെ കഴക്കൂട്ടം, കഠിനംകുളം എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ഒരു കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന രതീഷ് അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ശേഷമാണ് ഇയാൾ സ്റ്റാലിന്റെ വീട്ടിലെത്തി പ്രശ്‌നം ഉണ്ടാക്കിയത്. വീട് പൂർണമായും കത്തി നശിച്ചു.















