ദിസ്പൂർ: എക്‌സിക്യൂട്ടീവ് എൻജിനീയറുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്ത് അസം വിജിലൻസ് സംഘം. 80 ലക്ഷം രൂപയോളമാണ് പിടികൂടിയത്. ഗുവാഹത്തി സ്വദേശി ജയന്ത ഗോസ്വാമിയുടെ വീട്ടിൽ നിന്നാണ് പണം പിടികൂടിയത്.
അസം പൊലീസും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ സംഘവുമാണ് എൻജിനീയറുടെ വീട്ടിൽ പരിശോധന നടത്തിയത്. 79,87,500 രൂപയാണ് കണ്ടെടുത്തതെന്ന് വിജിലൻസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ അറിയിച്ചു.
അസമിലെ നോർത്ത് ലഖിംപൂർ സർക്കിളിൽ എക്‌സിക്യൂട്ടീവ് എൻജിനീയറാണ് അജന്ത ഗോസ്വാമി. അടുത്തിടെ ഹെൻഗ്രാബാരിയിലെ ഒരു വ്യക്തിയിൽ നിന്ന് ഗോസ്വാമി 20,000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഇയാൾ സംഭവം വിജിലൻസിനെ അറിയിച്ചിരുന്നു. തുടർന്നാണ് ഗോസ്വാമിയുടെ വസതിയിലടക്കം പരിശോധന നടത്തിയത്.















