വാഷിംഗ്‌ടൺ: പൊതുതെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിച്ച ഇന്ത്യയിലെ ജനങ്ങളെ പ്രശംസിച്ച് അമേരിക്ക. ഇന്ത്യയെപ്പോലെ ഊർജ്ജസ്വലമായ മറ്റൊരു ജനാധിപത്യ രാജ്യം ലോകത്തില്ലെന്നായിരുന്നു അമേരിക്ക പറഞ്ഞത്. യുഎസിലെ നാഷണൽ സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ ജോൺ കിർബിയുടേതായിരുന്നു പ്രസ്താവന.
“ഇന്ത്യയെപോലെ ഊർജ്ജസ്വലമായ മറ്റൊരു ജനാധിപത്യ രാജ്യം ലോകത്തില്ല. പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തെ ഇന്ത്യയിലെ ജനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. തങ്ങളുടെ ഭാവി ഭരണകർത്താക്കളെ തിരഞ്ഞെടുക്കുന്നതിൽ അവർക്ക് ഭാഗമാകാൻ കഴിഞ്ഞു. ഈ ജനാധിപത്യ പ്രക്രിയ നല്ല രീതിയിൽ അവസാനിക്കട്ടെ എന്നാശംസിക്കുന്നു,” അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിനെ പറ്റിയുള്ള യുഎസ് പ്രസിഡന്റിന്റെ അഭിപ്രായമെന്തെന്ന ഒരു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു ജോൺ കിർബിയുടെ മറുപടി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെയാണെന്നുള്ള ചോദ്യത്തിന് കഴിഞ്ഞ മൂന്നുവർഷങ്ങൾ മാത്രം എടുത്താൽ തന്നെ ഇന്ത്യയുമായുള്ള ബന്ധം വളരെ അടുത്തതാണെന്നും അത് കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വളർന്നുവരുന്ന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പുതിയ പദ്ധതികൾ ഇരു രാജ്യങ്ങളും ഒരുമിച്ച് നടപ്പിലാക്കുന്നുണ്ടെന്നും ഇൻഡോ-പസഫിക് സ്‌ക്വാഡിന്റെ ശാക്തീകരണത്തിലും സൈനിക മേഖലയിലുമെല്ലാം അമേരിക്ക ഇന്ത്യയുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും സജീവമായ പങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ജോൺ കിർബി കൂട്ടിച്ചേർത്തു.















