ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) ലംഘിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. 2014 മുതൽ 2022 വരെയുള്ള കാലേയളവിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 7.08 കോടി രൂപയാണ് പാർട്ടി കൈപ്പറ്റിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കി.
യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഒമാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും ഫണ്ട് ലഭിച്ചത്. പാർട്ടി നേതാക്കൾ വിദേശത്ത് നിന്ന് സ്വീകരിച്ച വ്യക്തിഗത ഫണ്ടുകളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. കാനഡയിൽ നടന്ന ഒരു ധനസമാഹരണ പരിപാടിയിൽ എഎപി എംഎൽഎ ദുർഗേഷ് പഥക് പാർട്ടിയുടെ പേരിൽ സംഭാവന വാങ്ങി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും ഇഡിയുടെ അന്വേഷണത്തിൽ വ്യക്തമായി.
യഥാർത്ഥ ദാതാക്കളുടെ ഐഡൻ്റിറ്റി മറച്ചുവെച്ചും അക്കൗണ്ട് ബുക്കുകളിൽ കൃത്രിമം കാണിച്ചുമാണ് എഫ്സിആർഎ നിയമം മറിക്കടക്കാൻ എഎപി ശ്രമിച്ചത്. ഇതിനായി ഒന്നിലധികം ദാതാക്കൾക്ക് ഒരേ പാസ്പോർട്ട് നമ്പറുകൾ, ഒരേ ഇ-മെയിൽ ഐഡികൾ, മൊബൈൽ നമ്പറുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ചു.
ദാതാവിന്റെ പേരുകൾ, ദാതാവിന്റെ രാജ്യം, പാസ്പോർട്ട് നമ്പർ, സംഭാവന നൽകിയ തുക, സംഭാവന ചെയ്യുന്ന രീതി, സ്വീകരിക്കുന്നയാളുടെ ബാങ്ക് അക്കൗണ്ട് നമ്പർ, ബില്ലിംഗ് പേര് തുടങ്ങി എല്ലാം വിശദാംശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇഡി കൈമാറിയിട്ടുണ്ട്. വിദേശത്ത് താമസിക്കുന്ന 155 പേർ 55 പാസ്പോർട്ട് നമ്പറുകൾ ഉപയോഗിച്ച് 404 തവണയായി 1.02 കോടി രൂപ സംഭാവന നൽകിയതായി ഇഡി പറയുന്നു.
വിദേശ ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് യുഎസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സന്നദ്ധപ്രവർത്തകരുമായി ചേർന്ന് എഎപി ഓവർസീസ് ഇന്ത്യ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.