ലക്നൗ : അയോദ്ധ്യയിലെ അവദ് സർവകലാശാലയുടെ കീഴിൽ ടൂറിസം സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുന്നു. രാമക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയും , ടൂറിസം സാദ്ധ്യത പലമടങ്ങായി ഉയരുകയും ചെയ്തതോടെയാണ് പുതിയ കോഴ്സ് ആരംഭിക്കാനുള്ള തീരുമാനം. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് അയോദ്ധ്യയെ പറ്റിയുള്ള അറിവുകൾ പകർന്ന് നൽകാൻ പറ്റുന്ന രീതിയിൽ ഹ്രസ്വകാല കോഴ്സുകൾ ആണ് ആരംഭിക്കുക.
അയോദ്ധ്യ മുനിസിപ്പൽ കോർപ്പറേഷനും അവധ് യൂണിവേഴ്സിറ്റിയും തമ്മിൽ ടൂറിസം തൊഴിൽ അധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നതിന് ധാരണാപത്രവും ഒപ്പുവച്ചു. ഇതിന്റെ കീഴിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ ചെയ്യുന്ന യുവാക്കൾക്ക് അയോദ്ധ്യ മുനിസിപ്പൽ കോർപ്പറേഷൻ ലൈസൻസ് നൽകും.
സർട്ടിഫിക്കറ്റ് ഇൻ ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ്, ഫ്രണ്ട് ഓഫീസ് റിസപ്ഷൻ, ഇറ്റിനറി തയ്യാറാക്കൽ, ജേണലിസം, ടൂറിസം എന്നീ കോഴ്സുകൾ അവദ് സർവകലാശാല ആരംഭിക്കും. ടൂറിസം വകുപ്പിന്റെ ടൂറിസ്റ്റ് ഗൈഡുകൾ ഇതിനകം തന്നെ അയോദ്ധ്യയിൽ ഉണ്ടെങ്കിലും അത് മതിയാകാത്തതിനാലാണ് പുതിയ തീരുമാനം. കോഴ്സുകളിൽ മറ്റ് ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരിശീലനവും നൽകും.
അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിന് ശേഷം ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം പലമടങ്ങായി വർദ്ധിച്ചിരിക്കുകയാണ് . പ്രതിദിനം ഒരു ലക്ഷത്തിലധികം സന്ദർശകരും വിനോദസഞ്ചാരികളുമാണ് എത്തുന്നത്. ഇതോടെ ടൂറിസവുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളുടെ ആവശ്യം ഗണ്യമായി വർധിച്ചിരിക്കുകയാണ് .