വാഷിംഗ്ടൺ: ബഹിരാകാശ സഹകരണം ദൃഢപ്പെടുത്താൻ ഇന്ത്യയും യുഎസും. സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയതായി പെന്റഗൺ അറിയിച്ചു.
അമേരിക്കൻ ടീമിനെ ബഹിരാകാശ നയത്തിന്റെ ആക്ടിംഗ് അസിസ്റ്റൻ്റ് ഡിഫൻസ് സെക്രട്ടറി വിപിൻ നാരംഗും ഇന്ത്യൻ പ്രതിനിധി സംഘത്തെ അന്താരാഷ്ട്ര സഹകരണ ജോയിൻ്റ് സെക്രട്ടറി വിശ്വേഷ് നേഗിയുമാണ് നയിച്ചത്. എഐ സാങ്കേതിക വിദഗ്ധരും ചർച്ചയുടെ ഭാഗമായിരുന്നു. അമേരിക്കയുമായി സഹകരിച്ച് ബഹിരാകാശ മേഖലയിൽ കുതിപ്പ് സൃഷ്ടിക്കാൻ സാധിക്കുന്ന കാര്യങ്ങൾ അവലോകനം ചെയ്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ഈ വർഷം അവസാനത്തോടെ ഭാരതീയനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കുമെന്ന് ഇന്ത്യയിലെ യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ വാക്ക് പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിന് വൻ വിപ്ലവങ്ങൾ സമ്മാനിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചിരുന്നു.