ഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യപ്രശനങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയിലാണ് കോടതി വിധി. കെജ്‌രിവാളിനെ ജൂൺ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് സ്പെഷ്യൽ ജഡ്ജി കാവേരി ബവേജ ഉത്തരവിറക്കി. നിലവിൽ തിഹാർ ജയിലിലാണ് അരവിന്ദ് കെജ്‌രിവാൾ ഉള്ളത്. ഡൽഹി റോസ് അവന്യു കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ. ഹർജി തള്ളിയ കോടതി ബന്ധപ്പെട്ട അധികാരികളോട് കെജ്‌രിവാളിനാവശ്യമായ മെഡിക്കൽ പരിശോധനകൾ നടത്താനും നിർദ്ദേശം നൽകി. സുപ്രീം കോടതി കെജ്‌രിവാളിന് ജൂൺ രണ്ടുവരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് അവസാനിച്ചതോടെ കഴിഞ്ഞ ശനിയാഴ്ച കെജ്‌രിവാൾ ജയിലേക്ക് മടങ്ങിയിരുന്നു. ഇതിനെത്തുടർന്നാണ് ഇടക്കാല ജാമ്യം 7 ദിവസത്തേക്ക് കൂടി നീട്ടണമെന്ന അപേക്ഷ സമർപ്പിച്ചത്
തിഹാർ ജയിലിൽ നിന്നും വീഡിയോ കോൺഫറൻസ് മുഖേനയാണ് കെജ്‌രിവാൾ കോടതിയിൽ ഹാജരായത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കെജ്‌രിവാൾ ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയ സമീപിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടർന്ന് കെജ് രിവാളിന്റെ അപേക്ഷ രജിസ്ട്രി തള്ളുകയായിരുന്നു. മാർച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്.















