വാഷിംഗ്ടൺ: നാസയുടെ ബോയിംഗ് സ്റ്റാർലൈനറിനൊപ്പം ചരിത്രം കുറിച്ച് ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ്. ബുധനാഴ്ചയാണ് സുനിത വില്യംസിനേയും സഹ സഞ്ചാരിയായ ബുച്ച് വിൽമോറിനേയും വഹിച്ച് കൊണ്ട് ബോയിംഗ് സ്റ്റാർലൈനർ കുതിച്ചുയർന്നത്. ഫ്‌ളോറിഡയിലെ കേപ് കനാവറൽ സ്‌പേസ് സ്റ്റേഷനിൽ നിന്നായിരുന്നു വിക്ഷേപണം. 26 മണിക്കൂർ സമയമെടുത്താണ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തുക.
”ഞങ്ങളെ ബഹിരാകാശത്തേക്കും അവിടെ നിന്ന് തിരിച്ചും കൊണ്ടു വരൂ” എന്നായിരുന്നു ലിഫ്റ്റ് ഓഫിന് മിനിറ്റുകൾക്ക് മുൻപായി സ്റ്റാർലൈനറിന്റെ പേര് പറഞ്ഞു കൊണ്ട് സുനിത മിഷൻ കൺട്രോൾ റൂമിലേക്ക് അയച്ച സന്ദേശം. ഇന്ന് ഇന്ത്യൻ സമയം 9.45ഓടെ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറ്റ്‌ലസ് വി റോക്കറ്റ് ഉപയോഗിച്ചായിരുന്നു പേടകത്തിന്റെ വിക്ഷേപണം. രണ്ട് തവണ മാറ്റി വച്ചതിന് ശേഷമാണ് ഇക്കുറി പേടകം വിജയകരമായി വിക്ഷേപിച്ചത്.
സ്റ്റാർലൈനർ പേടകത്തിൽ ക്രൂ ഫ്ളൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റായാണ് സുനിതയുടെ യാത്ര. ബുച്ച് വിൽമോർ കമാൻഡറായും പ്രവർത്തിക്കും. ഒരാഴ്ചയോളം സമയമാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുന്നത്. പരീക്ഷണങ്ങൾ നടത്തുന്നതിന് വേണ്ടി സുനിതയും വിൽമോറും വളരെ അധികം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നാണ് നാസ പുറത്ത് വിട്ട അപ്‌ഡേറ്റിൽ അറിയിച്ചത്. മകൾ ഏറെ സന്തോഷവതിയാണെന്നും, ഈ യാത്രയിൽ വളരെ അധികം സന്തോഷമുണ്ടെന്നും സുനിതയുടെ അമ്മ ബോണി പാണ്ഡ്യ പ്രതികരിച്ചു.
നാസയുടെ കൊമേഷ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള സ്റ്റാർലൈനറിന് വേണ്ടി നടത്തുന്ന ആദ്യത്തെ ക്രൂഡ് ഫ്ളൈറ്റ് ആണിത്. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ യാത്ര കൂടിയാണിത്. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാസയോടൊപ്പം ചേർന്ന് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. ബോയിംഗ് സ്റ്റാർലൈനറിന്റെ വിക്ഷേപണത്തിൽ നാസയെ അഭിനന്ദിച്ച് സ്‌പേസ് എക്‌സ് സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്‌കും രംഗത്തെത്തി. ”സ്റ്റാർലൈനർ ടു ദ സ്റ്റാർസ്” എന്ന നാസയുടെ കുറിപ്പും അദ്ദേഹം റീട്വീറ്റ് ചെയ്തു.
നേവി ടെസ്റ്റ് പൈലറ്റായ സുനിത 2006ലും 2012ലുമാണ് ഇതിന് മുൻപ് രണ്ട് തവണ ബഹിരാകാശത്തേക്ക് പോയത്. നാസയിൽ നിന്നുള്ള കണക്കുകൾ പ്രകാരം ആകെ 322 ദിവസമാണ് സുനിത ബഹിരാകാശത്ത് ചെലവഴിച്ചിട്ടുള്ളത്. 50 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് നടന്നുവെന്ന റെക്കോർഡും സുനിതയ്‌ക്ക് സ്വന്തമാണ്. ഏഴ് തവണയായിട്ടാണ് നേട്ടം സ്വന്തമാക്കിയത്. അമേരിക്കൻ നേവിയിലെ മുൻ ക്യാപ്റ്റൻ കൂടിയായ വിൽമോർ 178 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്.