ഒമാനെതിരെ നേടിയ 39 റൺസ് വിജയവുമായി ഓസ്‌ട്രേലിയ ടി20 ലോകകപ്പിൽ കുതിപ്പ് തുടങ്ങി. എല്ലാ മേഖലകളിലും കാഴ്ചവച്ച സമഗ്രാധിപത്യമാണ് ഓസീസിന് ജയം സമ്മാനിച്ചത്. ഡേവിഡ് വാർണർ-മാർക്കസ് സ്റ്റോയിനിസ് സഖ്യം അർദ്ധ സെഞ്ച്വറിയുമായി മികച്ച പ്രകടനം പുറത്തെടുത്തു. ബാറ്റിംഗിലേത് പോലെ ബൗളിംഗിലും തിളങ്ങിയ സ്‌റ്റോയിനിസാണ് മാൻ ഓഫ് ദി മാച്ച്. സ്‌കോർ: ഓസ്‌ട്രേലിയ-164/5; ഒമാൻ- 125/9 (20 ഓവർ).
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടേത് പതിഞ്ഞ തുടക്കമായിരുന്നു. ഓപ്പണർ ട്രാവിസ് ഹെഡിനെ(12) തുടക്കത്തിലെ നഷ്ടമായി. പിന്നാലെ മാർഷും(14) ഗ്ലെൻ മാക്‌സ്വെല്ലും (0) വീണതോടെ ഓസീസ് പ്രതിരോധത്തിലായി. പിന്നീട് ക്രീസിൽ നിലയുറപ്പിച്ച ഡേവിഡ് വാർണർ-മാർക്കസ് സ്റ്റോയിനിസ് സഖ്യമാണ് ഓസീസിന്റെ സ്‌കോർ ബോർഡ് ചലിപ്പിച്ചത്. 102 റൺസാണ് ഇരുവരും ചേർന്ന് ഇന്നിംഗ്‌സിലേക്ക് ചേർത്തത്. 4 ഫോറും 1 സിക്‌സും സഹിതം 56 റൺസാണ് ഡേവിഡ് വാർണർ നേടിയത്. ടി20യിൽ ഓസ്‌ട്രേലിയ്‌ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടവും ഇതിനിടെ വാർണർ സ്വന്തമാക്കി. ആരോൺ ഫിഞ്ചിനെ മറികടന്നാണ് വാർണർ ഈ നേട്ടത്തിലെത്തിയത്. 67 റൺസ് അടിച്ചുകൂട്ടിയ സ്റ്റോയിനിസ് പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയ ഉയർത്തിയ 165 റൺസ് എന്ന വിജയലക്ഷ്യം ഒമാന് കടുത്ത വെല്ലുവിളിയായിരുന്നു. ആദ്യ ഓവറിൽത്തന്നെ ഓപ്പണർ പ്രതിക് അത്തലയേയും കശ്യപ് പ്രജാപതിയെയും ഒമാന് നഷ്ടമായി. നഥാൻ എല്ലിസാണ് ഒമാന്റെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്. പിന്നാലെ കാറ്റത്ത് പഴുത്തില വീഴുന്ന പോലെ കൃത്യമായ ഇടവേളകളിൽ ഓസീസ് ബൗളർമാർ വിക്കറ്റ് വീഴ്‌ത്തി. അക്വിബ് ഇല്ല്യാസ്(18), അയാൻ ഖാൻ(36), മെഹ്‌റാൻ ഖാൻ(27), ഷക്കീൽ അഹമ്മദ്(11) എന്നിവർക്കാണ് ഒമാൻ നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കാനായത്. 3 ഓവറിൽ 19 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ സ്റ്റോയിനിസ് കളംനിറഞ്ഞതോടെയാണ് ഒമാന്റെ ഇന്നിംഗിസ് 125 റൺസിൽ ഒതുങ്ങിയത്.