കോഴിക്കോട്: നൊച്ചാട് അനു കൊലക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 5,000 പേജുകളുള്ള കുറ്റപത്രമാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ചത്. കേസിൽ കൊണ്ടോട്ടി സ്വദേശിയും പ്രതിയുമായ മുജീബ് റഹ്‌മാനെതിരെ കൊലപാതകം, മോഷണം തുടങ്ങി 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് മുജീബിന്റെ ഭാര്യ കേസിലെ രണ്ടാം പ്രതിയാണ്.
കഴിഞ്ഞ മാർച്ച് 11-ാം തീയതിയാണ് അനുവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് പോയ അനുവിനെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതി മുജീബാണെന്ന് പൊലീസ് കണ്ടെത്തി. അനുവിനെ തൊട്ടടുത്ത ജംഗ്ഷനിലെത്തിക്കാമെന്ന് പറഞ്ഞ് ലിഫ്റ്റ് നൽകിയ ശേഷം, ആഭരണങ്ങൾ മോഷ്ടിക്കാനായി തോട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കോഴിക്കോട് വയോധികയെ ബലാത്സംഗം ചെയ്ത ശേഷം ആഭരണങ്ങൾ കവർന്ന കേസിലടക്കം പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയത്.















