ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷമുണ്ടാക്കാൻ ലക്ഷ്യമിട്ട് വിമതരും ഭീകരസംഘടനകളും ചേർന്ന് രാജ്യാന്തര ഗൂഢാലോചന നടത്തിയെന്ന കേസിലെ മുഖ്യപ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു. കുക്കി നാഷണൽ ഫ്രണ്ട്-മിലിട്ടറി കൗൺസിൽ (കെഎൻഎഫ്-എംസി) അംഗമായ റോജർ എന്ന തങ്‌ബോയ് ഹാവോകിപാണ് ഇംഫാൽ വിമാനത്താവളത്തിൽ
വെച്ച് അറസ്റ്റിലായത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിനും ഐപിസി വിവിധ വകുപ്പുകൾ പ്രകാരവുമാണ് അറസ്റ്റ് . 2023 ജൂലൈ 19 നാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും മ്യാൻമറിലെയും തീവ്രവാദ സംഘടനകളുടെ പിന്തുണയോടെയാണ് കുക്കിയും സോമിയും പ്രവർത്തിച്ചിരുന്നതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു . മേഖലയിൽ നിലനിൽക്കുന്ന വംശീയ സംഘർഷത്തിന്റെ മറവിൽ ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം ചെയ്യാനാണ് ഇവർ ലക്ഷ്യമിട്ടത്.
മണിപ്പൂരിലെ അക്രമത്തിനിടെ വിവിധ സ്ഥലങ്ങളിൽ സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങളിൽ പ്രതി നേരിട്ട് പങ്കെടുത്തിരുന്നു. ആയുധങ്ങളും വെടിക്കോപ്പുകളും മ്യാൻമറിലെ വിമത ഗ്രൂപ്പായ കുക്കി നാഷണൽ ഫ്രണ്ടിന്റെ (കെഎൻഎഫ്) സഹോയത്തോടെയാണ് ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും ശേഖരിച്ചത്. കെഎൻഎഫ്-എംസി, യുണൈറ്റഡ് ട്രൈബൽ വോളൻ്റിയേഴ്‌സ് (യുടിവി) എന്നിവയിലും പ്രതി അംഗമാണ്.















