ടി20 ലോകകപ്പിൽ സൂപ്പർ ഓവറിൽ അമേരിക്കയോട് പരാജയപ്പെട്ട പാകിസ്താനെതിരെ രൂക്ഷ വിമർശനമുയർത്തി മുൻ താരം കമ്രാൻ അക്മൽ. പാകിസ്താൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണിതെന്നും അമേരിക്കയുടെ പ്രകടനം കണ്ടപ്പോൾ അവർ റാങ്കിംഗിൽ തങ്ങളുടെ ദേശീയ ടീമിനെക്കാൾ മുന്നിലാണെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. യുട്യൂബ് വീഡിയോയിലാണ് മുൻ താരം വിമർശനം നടത്തിയത്.
”സൂപ്പർ ഓവറിൽ ഒരു കുഞ്ഞൻ ടീമിനോട് പരാജയപ്പെട്ടതാണ് പാകിസ്താൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്. ഇതിനേക്കാൾ വലിയൊരു അപമാനമില്ല. റാങ്കിംഗിൽ ഏറെ താഴെയുള്ള അവർ പക്വതയോടെ മികച്ച പ്രകടനമാണ് പാകിസ്താനെതിരെ കാഴ്ചവച്ചത്. ഞങ്ങളുടെ താരങ്ങൾക്ക് ഒരു ടൂർണമെന്റിനോടുള്ള സമീപനമാണ് ഇതിലൂടെ പുറത്തുവരുന്നത്. ലോകത്തിലെ മികച്ച ടീമുകളോട് പോരാടി തോൽക്കുന്നത് അംഗീകരിക്കാനാവും. അധികം അന്താരാഷ്‌ട്ര മത്സരങ്ങൾ കളിക്കാത്ത ടീമിനെതിരെയുള്ള തോൽവി അംഗീകരിക്കാനാവില്ലെന്നും ഈ ദിവസം ഒരിക്കലും മറക്കില്ലെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത യുഎസ് 18 റൺസ് നേടിയപ്പോൾ പാകിസ്താൻ 13 റൺസിൽ ചുരുങ്ങി. മുഹമ്മദ് ആമിറിന്റെ ബൗളിംഗാണ് പാകിസ്താന് മത്സരത്തിൽ തിരിച്ചടിയായത്. ഇന്ത്യൻ വംശജൻ സൗരഭ് നേത്രവൽക്കറാണ് അമേരിക്കയ്‌ക്ക് ജയം സമ്മാനിച്ചത്.















