ഉറക്കത്തിൽ ഓൺലൈൻ ഷോപ്പിംഗ് നടത്തിയ യുവതിക്ക് നഷ്ടമായത് 3.17 ലക്ഷം രൂപ.
യുകെക്കാരിയായ കെല്ലി നൈപ്സിനാണ് (42) ക്രെഡിറ്റ് കാർഡിൽ നിന്ന് പണം പോയത്. പാരാസോമ്നിയ (നിദ്രാ രോഗം) ബാധിതയായാണ് കെല്ലി.
2018-ൽ ആദ്യ പ്രസവത്തോടെയാണ് യുവതിക്ക് രോഗം കണ്ടെത്തിയത്. നിദ്രാരോഗം അഥവാ പാരാസോമ്നിയ ബാധിച്ച ഒരു വ്യക്തി ഉറക്കത്തിൽ നടക്കുകയോ സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യും. എന്നാൽ അവർ ഉറങ്ങുകയാണെന്ന് ആർക്കും മനസ്സിലാകില്ല. സമാനമായിരുന്നു കെല്ലിയുടെ ഷോപ്പിംഗും.
ദിവസങ്ങൾക്ക് മുമ്പ് നിരവധി കൊറിയറുകൾ ഒന്നിച്ച് ലഭിച്ചപ്പോഴാണ് കെല്ലി ഓർഡർ ചെയ്ത കാര്യം പോലും അറിയുന്നത്. ഫോൺ പരിശോധിച്ചപ്പോൾ അർദ്ധരാത്രിയിലാണ് ഓർഡറുകൾ നൽകിയിരിക്കുന്നതെന്ന് മനസ്സിലായി. വല, ബാക്ക്‌ബോർഡുകൾ, ബാസ്‌ക്കറ്റ്‌ബോൾ, പെയിൻ്റ്, പുസ്തകങ്ങൾ, ഉപ്പ്, കുരുമുളക്, എന്തിന് ഫ്രിഡ്ജിന് പോലും യുവതി ഓർഡർ നൽകിയിരുന്നു.
ഷോപ്പിംഗ് ആപ്പുമായി ക്രഡിറ്റ് കാർഡ് ലിങ്ക് ചെയ്തതിനാൽ തുക ഉടനടി ട്രാൻസ്ഫർ ആവുകയും ചെയ്തു. പൊതുവെ പാരാസോമ്നിയ ഉള്ളവർ ഉറക്കത്തിനായി ഗുളികളെ ആശ്രയിക്കുന്നത് പതിവാണ്. എന്നാൽ മൂന്ന് കൊച്ചു കുട്ടികളുടെ അമ്മയായതിനാൽ കെല്ലിക്ക് ഗുളികകൾ കഴിക്കാൻ സാധിക്കാറില്ല.















