ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങളെല്ലാം ആരാധകർക്ക് സൂപ്പർ പോരാട്ടമാണ്. ഈ മത്സരങ്ങളിൽ എപ്പോഴും ഉഗ്രൻ പ്രകടനമാണ് വിരാട് കോലി കാഴ്ചവയ്ക്കാറുള്ളത്. പാകിസ്താനിലെ ആരാധകരെ കുറിച്ച് നാം അധികം കേട്ടിട്ടില്ല. താരത്തിന് പാകിസ്താനിൽ ലഭിക്കുന്ന പിന്തുണയെ കുറിച്ച് തുറന്നു പറയുകയാണ് പാകിസ്താൻ മുൻ താരങ്ങളായ റാഷിദ് ലത്തീഫ്, അസ്ഹർ അലി എന്നിവർ.
”പാകിസ്താനിലെ ജനങ്ങൾക്ക് വിരാട് കോലിയോടുള്ള ആരാധന മനസിലാകണമെങ്കിൽ അദ്ദേഹം ലാഹോർ, കറാച്ചി, റാവൽപിണ്ടി, മുൾട്ടാൻ സ്റ്റേഡിയങ്ങളിൽ മത്സരത്തിനിറങ്ങിയാൽ മതി. ബാബർ അസമിന്റെയോ മുഹമ്മദ് റിസ്വാന്റെയോ ജഴ്സിയായിരിക്കില്ല ആരാധകർ ധരിക്കുക. വിരാട് കോലിയുടെ 18-ാം നമ്പർ ജഴ്സിയായിരിക്കും സ്റ്റേഡിയം മുഴുവൻ. അദ്ദേഹത്തിന്റെ കരിയറിലെ മോശം സമയമായിരുന്നു 2019- മുതൽ 2022 വരെ. ഈ സമയത്ത് നഷ്ടപ്പെട്ട ഫോം അദ്ദേഹത്തിന് തിരികെ ലഭിക്കുന്നതിനായി താൻ ദൈവത്തോട് പ്രാർത്ഥിച്ചു. സ്ട്രൈക്ക് റേറ്റിന്റെ പേരിൽ കോലിയെ വിമർശിക്കുന്നവർ 15 വർഷം അദ്ദേഹം ക്രിക്കറ്റിന് നൽകിയ സംഭാവനകളെ കുറിച്ച് ഓർക്കണമെന്നും” മുൻ പാക് നായകൻ അസ്ഹർ അലി പറഞ്ഞു.
”പാകിസ്താനിൽ ഇത്രയധികം ആരാധക പിന്തുണ ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് വിരാട് കോലി. ബോളിവുഡ് താരങ്ങളായ ദിലീപ് കുമാറിനും അമിതാഭ് ബച്ചനും ലഭിക്കുന്ന പിന്തുണയാണ് അദ്ദേഹത്തിന് ലഭിക്കുന്നതെന്ന് മുൻ പാക് താരം റാഷിദ് ലത്തീഫ് പറഞ്ഞു. കപിൽ ദേവ്, സച്ചിൻ ടെൻഡുൽക്കർ, ഷാരൂഖ് ഖാൻ, എം.എസ് ധോണി, സുനിൽ ഗവാസ്കർ, യുവരാജ് സിംഗ്, വിരേന്ദർ സെവാഗ് എന്നിവരുടെ ആരാധകരും ഇവിടെയുണ്ട്. അതിനേക്കാൾ എത്രയോ മടങ്ങ് വിരാടിനെ സ്നേഹിക്കുന്നവരാണ് ഇവിടെയുള്ളവരെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താനെതിരെ അഞ്ച് മത്സരങ്ങളിൽ നിന്ന് 308 റൺസാണ് കോലി സ്വന്തമാക്കിയത്. ഇതിൽ നാല് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 2022-ൽ മെൽബണിൽ നടന്ന ലോകകപ്പിൽ പുറത്താകാതെ നേടിയ 82 റൺസാണ് ഉയർന്ന സ്കോർ. മൂന്ന് തവണ പാകിസ്താനെതിരായ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും കോലിയായിരുന്നു.