ഇന്ത്യയും പാകിസ്താനും എപ്പോഴൊക്കെ നേർക്കുനേർ വരുമ്പോഴും വൈകാരികമായ ആവേശം ആരാധകരിൽ ഉണ്ടാകാറുണ്ട്. മത്സരത്തിൽ ഇന്ത്യയോട് പാകിസ്താൻ പരാജയപ്പെട്ടാൽ ട്രോളന്മാർക്ക് ആഘോഷരാവാണ്. ടി20 ലോകകപ്പിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം നടക്കാനിരിക്കെ പാകിസ്താനെ പരിഹസിച്ച് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് രംഗത്തുവന്നു.
ഇൻസ്റ്റഗ്രാമിൽ പാക് ക്രിക്കറ്റ് ബോർഡിനയച്ച മെസ്സേജിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് സ്വിഗ്ഗി പാക് ക്രിക്കറ്റിനെ ട്രോളിയത്. ‘ഇന്ത്യയോട് പരാജയപ്പെട്ടാൽ ടിവി തല്ലിപ്പൊളിക്കാൻ നിങ്ങളുടെ ആരാധകർക്ക് ശക്തി ആവശ്യമാണ്. റെഡ്ബുൾ എടുക്കട്ടെ? അയക്കാൻ ഞങ്ങൾ തയ്യാറാണെന്നാണ്’ മെസ്സേജ്.
കനത്ത മഴയെ തുടർന്ന് ന്യൂയോർക്കിലെ നാസ്സോ കൗണ്ടി സ്‌റ്റേഡിയത്തിൽ ഇന്ത്യ- പാക് മത്സരം വൈകുകയാണ്. ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അയർലൻഡിനെതിരായ മത്സരത്തിനിറങ്ങിയ അതേ ടീമിനെ ഇന്ത്യ നിലനിർത്തി.
ടി20 ലോകകപ്പിൽ ഇതുവരെ 7 തവണയാണ് ഇരു ടീമുകളും നേർക്കുനേർ വന്നത്. അഞ്ചിലും ജയം ഇന്ത്യക്ക് ഒപ്പമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മത്സരത്തിൽ ഒരോവറിൽ 8 റൺസെന്ന നിലയിലാണ് ഇന്ത്യ.