ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനായി ഇന്ത്യൻ സൈന്യത്തിന് ഇനി റോബോട്ടുകളും. തിരച്ചിലുകളിൽ സഹായിക്കുക മുതൽ പതിയിരിക്കുന്ന തീവ്രവാദികൾക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്താൻ വരെ റോബോട്ടുകളുടെ സഹായമുണ്ടാകും. കുറഞ്ഞത് 25 വർഷത്തെ പ്രവർത്തന ദൈർഘ്യമുള്ള 550 റോബോട്ടിക് നിരീക്ഷണ യൂണിറ്റുകൾ വാങ്ങുന്നതിനുള്ള നടപടികൾ പ്രതിരോധ മന്ത്രാലയം ആരംഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഈ റോബോട്ടുകൾക്ക് പടികൾ കയറാനും പ്രതിബന്ധങ്ങളെ നേരിടാനും ബിൽറ്റ്-അപ്പ് ഏരിയകളിൽ ഗ്രനേഡ് എറിയാനും സാധിക്കും. മാത്രമല്ല റോബോട്ടുകൾക്ക് കുറഞ്ഞത് 20-സെൻ്റീമീറ്റർ ആഴത്തിൽ വെള്ളത്തിൽ ഇറങ്ങാനും കഴിയും .
താഴ്‌വരയിലെ കോർഡൻ ആൻഡ് സെർച്ച് ഓപ്പറേഷൻ സമയത്ത്, ഈ റോബോട്ടുകൾ പ്രതിരോധത്തിന്റെ ആദ്യ നിരയായിരിക്കും, അങ്ങനെ അപകടങ്ങൾ തടയാൻ സഹായിക്കും. നമ്മുടെ സ്വന്തം സൈനികർക്ക് അപകടമുണ്ടാക്കുന്നത് ഇത് വഴി ഒഴിവാക്കും,” – സൈനിക വൃത്തങ്ങൾ പറഞ്ഞു.
തീവ്രവാദികൾ തമ്പടിച്ചിരിക്കുന്ന പാർപ്പിട, വാണിജ്യ മേഖലകളിൽ രാഷ്‌ട്രീയ റൈഫിൾസിന്റെ പ്രവർത്തനങ്ങൾക്കായി റോബോട്ടിക് നിരീക്ഷണമുണ്ടാകും . സൈനിക നീക്കത്തിന് മുമ്പ് തത്സമയ രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിനും ഈ റോബോട്ടുകളെ സേന ഉപയോഗിക്കും. റോബോട്ടിക്‌സ് പ്ലാറ്റ്‌ഫോം വഴി അനുയോജ്യമായ യുദ്ധസാമഗ്രികൾ എത്തിക്കാനും നീക്കമുണ്ട് .















