തിരുവനന്തപുരം: ന്യൂനപക്ഷകാര്യം പരിചയമുള്ള മന്ത്രാലയമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ. കേരളവുമായി ബന്ധമുള്ള വകുപ്പുകൾ നേതൃത്വം അറിഞ്ഞ് തന്നതാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ-ക്ഷീരോത്പാദനം എന്നീ വകുപ്പുകളുടെ ചുമതലയാണ് ജോർജ്ജ് കുര്യന് ലഭിച്ചിരിക്കുന്നത്. മന്ത്രിമാരുടെ വകുപ്പുകൾ പുറത്തുവന്നതിനുപിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷക്ഷേമം പരിചയമുള്ള മന്ത്രാലയമാണ്. മൈനോരിറ്റി കമ്മീഷന്റെ വൈസ് ചെയർമാൻ എന്ന നിലയിൽ സ്കീമുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്കീമുകളും നിയമവശങ്ങളും മനഃപാഠമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ തീരദേശ ജനതയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വകുപ്പാണ് ഫിഷറീസ്. അനിമൽ ഹസ്ബൻഡറി ക്ഷീരകർഷകരുടെ ക്ഷേമം ഉറപ്പുവരുത്താനുള്ള പ്രവർത്തങ്ങൾക്ക് സഹായകമാകുന്ന വകുപ്പാണ്. ഈ രംഗങ്ങളിൽ തന്നാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു. പരിചിതമായ വകുപ്പുകൾ ലഭിച്ചതിൽ അദ്ദേഹം സന്തോഷവും പ്രകടിപ്പിച്ചു.
വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് തീരുമാനിക്കും. മലയാളിയായതുകൊണ്ടും കേരളം തീരദേശം ധാരാളമുള്ള പ്രദേശമായതുകൊണ്ടുമാകാം ഈ വകുപ്പുകൾ തനിക്ക് തന്നെ ലഭിച്ചതെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. കടലാക്രമണവുമായി ബന്ധപ്പെട്ടവിഷയങ്ങളിൽ ജനങ്ങളുമായി സംസാരിച്ച് ആവശ്യമായ നടപടികൾ എടുക്കും. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് കേന്ദ്രസർക്കാരുമായി യാതൊരു അകൽച്ചയുമില്ലെന്ന് തെളിയിക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് വിജയമെന്നും ജോർജ്ജ് കുര്യൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.















