റോം: ഇറ്റലിയിൽ ഖാലിസ്ഥാൻ അനുകൂലികൾ ഗാന്ധിപ്രതിമ തകർത്തു. പ്രതിമ അനാവരണം ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണമുണ്ടായത്. ഗാന്ധിപ്രതിമയുടെ അടിവശത്ത് ഖാലിസ്ഥാൻ മുദ്രാവാക്യങ്ങളും എഴുതിവച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഖാലിസ്ഥാനി നേതാവ് ഹർദീപ് സിംഗ് നിജ്ജാറുമായി ബന്ധപ്പെട്ട വാചകങ്ങളാണ് ഗാന്ധി പ്രതിമയ്‌ക്ക് മേൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇറ്റലിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ എത്താനിരിക്കെയാണ് രാജ്യത്ത് ഖാലിസ്ഥാനി ആക്രമണമെന്നത് ശ്രദ്ധേയമാണ്. 50-ാമത് ജി7 ഉച്ചകോടിയാണ് ഇറ്റലിയിൽ നാളെ മുതൽ നടക്കുന്നത്. ജൂൺ 13ന് ആരംഭിക്കുന്ന ഉച്ചകോടി 15 വരെ തുടരും. ഇറ്റലിയിലെ അപുലിയയിലുള്ള ഫസാനോയിലാണ് ഉച്ചകോടി നടക്കുന്നത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ഉച്ചകോടിക്കെത്തുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം ഉച്ചകോടിയിൽ ചർച്ചയായേക്കും.