എറണാകുളം: കുവൈത്ത് മാംഗെഫിലെ ക്യാമ്പിലുണ്ടായ അപകടം വളരെയധികം ദൗർഭാഗ്യകരമാണെന്ന് എൻബിടിസി മാനേജിംഗ് ഡയറക്ടർ കെജി എബ്രഹാം. തങ്ങളുടെ ഭാഗത്ത് യാതൊരു തെറ്റുകളുമില്ലെന്നും എന്നാലും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയി സന്ദർശിക്കും. അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകും. നഷ്ടപരിഹാരമായി പ്രഖ്യാപിച്ച എട്ട് ലക്ഷം രൂപയെ കൂടാതെ മരിച്ചവരുടെ നാല് വർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും അവരുടെ കുടുംബത്തിന് നൽകും. അപകടത്തിന് ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈത്ത്, ഇന്ത്യ സർക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും നന്ദി”.
“അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ട്. തങ്ങളുടെ പിഴവുകൊണ്ടല്ല അപകടമുണ്ടായതെങ്കിലും അതിന്റെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നു. ജീവനക്കാരെ ഞങ്ങൾ കുടുംബാംഗങ്ങളെ പോലെയാണ് കാണുന്നത്. അപകട വിവരമറിഞ്ഞപ്പോൾ വീട്ടിലിരുന്ന് കരയുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങളെ കമ്പനി സംരക്ഷിക്കും”.
ജീവനക്കാരെ മുറിയിൽ ഭക്ഷണം ഉണ്ടാക്കാൻ അനുവദിച്ചിട്ടില്ല. അവർക്ക് ഭക്ഷണത്തിനായി കെട്ടിടത്തിൽ തന്നെ മെസ് പ്രവർത്തിക്കുന്നുണ്ട്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്നത് ശരിയല്ല, ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായത്. അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അപ്പാർട്ട്മെന്റിൽ കൂടുതൽ ആളുകളെ താമസിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.