ശരീരത്തിലെ അവയവങ്ങൾക്ക് കൃത്യമായ സ്ഥാനവും ക്രമവുമുണ്ട്. വേദനയുമായി ഡോക്ടറെ സമീപിക്കുമ്പോഴും മറ്റും രോഗനിർണയം നടത്താനൊക്കെ ഈ സ്ഥാനവും ക്രമവും സഹായിക്കുന്നു. ഹൃദയം നെഞ്ചിന്റെ ഇടതു വശത്താണ് സ്ഥിതി ചെയ്യുന്നതെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഹൃദയം വലതുവശത്തായാൽ എന്താകും സംഭവിക്കുക?
അതേ, ലോകത്ത് 12,000 പേരിൽ ഒരാൾ ഈ അപൂർവ രോഗാവസ്ഥയുമായി ജനിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ‘ഡെക്സ്ട്രോകാർഡിയ’ (dextrocardia) എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ഇതിന്റെ കാരണം അജ്ഞാതമാണെങ്കിലും ജനിതകവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഡെക്സ്ട്രോകാർഡിയ അവസ്ഥയുമായി ജനിക്കുന്നവർക്ക് മറ്റ് ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടിപ്പിച്ചില്ലെങ്കിലും ഇസിജിയിൽ വ്യതിയാനമുണ്ടാകും.
മറ്റ് രോഗാവസ്ഥയുള്ളവരിൽ ഹൃദയം, ശ്വാസകോശം തുടങ്ങിയ മറ്റ് അവയവങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇവരിൽ ശ്വാസ തടസം, ക്ഷീണം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവ സംഭവിക്കാം. ഹൃദയത്തിന് പുറമേ മറ്റ് അവയവങ്ങളുടെ സ്ഥാനവും മാറുന്ന അവസ്ഥ ചിലരിൽ കണ്ടുവരുന്നു. ഇത് സിറ്റസ് ഇൻവേഴ്സസ് ടോട്ടലിസ് ( situs inversus totalis) എന്നറിയപ്പെടുന്നു. കരൾ, പ്ലീഹ തുടങ്ങിയവയാണ് പ്രധാനമായും ഇത്തരത്തിൽ സ്ഥാനം മാറ്റം വരുന്ന അവയവങ്ങൾ.















