മുംബൈ: ആരും ഇങ്ങനെ ചെയ്യരുത്, നിങ്ങളുടെ കുട്ടികളെയും കുടുംബത്തെയും തനിച്ചാക്കരുത്. ഞാൻ എല്ലാവരോടും ഒരിക്കൽകൂടി അഭ്യർത്ഥിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തന്റെ തോൽവിയുടെ മാനസീക വിഷമത്തിൽ ജീവനൊടുക്കിയ ബിജെപി പ്രവർത്തകരുടെ വീട്ടിലെത്തിയ ശേഷം സ്ഥാനാർത്ഥിയായിരുന്ന പങ്കജ മുണ്ടെ എക്‌സിൽ കുറിച്ച വാക്കുകളാണിത്.
കഴിഞ്ഞ ദിവസങ്ങളിലാണ് പങ്കജ മുണ്ടെയുടെ തോൽവിയിൽ മനംനൊന്ത് വിവിധ സ്ഥലങ്ങളിലായി നാല് പ്രവർത്തകർ ജീവനൊടുക്കിയത്. ഇതിൽ ചിലരുടെ ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഒരു തോൽവി കൊണ്ട് മാനസീകമായി തളരുന്ന തരത്തിൽ ദുർബലരല്ല നമ്മളെന്ന് പങ്കജ മുണ്ടെ പറഞ്ഞു. നിങ്ങളുടെ ജീവിതം ഒരിക്കലും ഇല്ലാതാക്കരുത്. നിങ്ങൾക്ക് ധൈര്യത്തോടെ പൊരുതുന്ന ഒരു നേതാവിനെ ആവശ്യമാണെങ്കിൽ എനിക്ക് ധൈര്യത്തോടെ പൊരുതുന്ന പ്രവർത്തകരെയും ആവശ്യമാണെന്ന് അവർ പറഞ്ഞു.
എന്റെ പ്രവർത്തകരെ നഷ്ടപ്പെടുത്താൻ എനിക്ക് പറ്റില്ല. തോൽവിയിൽ ഞാൻ അധൈര്യപ്പെട്ടില്ല പക്ഷെ ഈ സംഭവം തന്നെ പിടിച്ചുകുലുക്കിയതായും അവർ കൂട്ടിച്ചേർത്തു. വീടുകളിലെത്തിയ അവർ കുടുംബാംഗങ്ങൾക്കൊപ്പം പലപ്പോഴും വിതുമ്പി.
വാർണിയിലെ ഗണേഷ് ബേഡ്, ആഷ്തിയിലെ പോപത്‌റാവു വൈഭാസെ (37), യെസ്തറിലെ സച്ചിൻ മുണ്ടെ, പാണ്ഡുരംഗ് സോനവാനെ (33)എന്നിവരാണ് ജീവനൊടുക്കിയത്. മരിച്ച പ്രവർത്തകരുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകുമെന്നും കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങൾ ഏറ്റെടുക്കുമെന്നും അവർ പറഞ്ഞു.
എൻസിപിയുടെ ബജ്‌റംഗ് സോനാവാനെയോട് 6000 ത്തിലധികം വോട്ടുകൾക്ക് മാത്രമായിരുന്നു പങ്കജ മുണ്ടെയുടെ പരാജയം.
















