ബെയ്ജിംഗ് : ചൈനയിലെ ഷിംഗിയാങ് പ്രവിശ്യയിൽ ബക്രീദ് ആഘോഷങ്ങൾ കമ്യൂണിസ്റ്റ് സർക്കാർ നിരോധിച്ചതായി പരാതി . ഉയിഗുർ മുസ്ലീങ്ങളാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത് . ലോകമെമ്പാടും ബക്രീദ് ആഘോഷിച്ചപ്പോൾ തങ്ങളെ പെരുന്നാൾ ആഘോഷിക്കുന്നതിൽ നിന്ന് ഷി ജിൻപിംഗ് സർക്കാർ വിലക്കിയതായി അവർ പറയുന്നു.
കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന ചൈനയിൽ, ബക്രീദ് ആഘോഷങ്ങൾ ‘അശാന്തി പടർത്തുമെന്ന്’ ഭയന്നാണ് മുസ്ലീം ഭൂരിപക്ഷമായ ഷിംഗിയാങ് പ്രവിശ്യയിൽ ആഘോഷങ്ങളും , ആചാരങ്ങളും നിരോധിച്ചത് . ഇത്തരമൊരു ആരോപണം സെൻ്റർ ഫോർ ഉയ്ഗൂർ സ്റ്റഡീസ് പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ഷിംഗിയാങ്ങിലെ ഇസ്ലാമിന്റെ ആചാരങ്ങളെ അതിവേഗം അടിച്ചമർത്തുകയാണെന്നും സംഘടന പറയുന്നു.
ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ ഖുറാനുകൾ പിടിച്ചെടുക്കുന്നതായും , മസ്ജിദുകൾ രൂപമാറ്റം വരുത്തി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു . ചൈനയിൽ കുറച്ച് വർഷങ്ങളായി ഇത്തരം ആഘോഷങ്ങൾക്ക് കർശനമായ നിരോധനമുണ്ട്. ഇസ്ലാമിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും കുറ്റകൃത്യങ്ങളായി കണക്കാക്കുന്നതാണ് ചൈനയുടെ നയങ്ങൾ.