ചായപ്പൊടിയും, സോപ്പുമെല്ലാം വാങ്ങുമ്പോൾ വിവിധ തരത്തിലുള്ള സ്‌ക്രാച്ച് കാർഡുകളും നാണയങ്ങളുമെല്ലാം സൗജന്യമായി കിട്ടിയിരുന്നു. എന്നാൽ ഇന്ന് ഓൺലൈൻ വഴി സാധനങ്ങൾ ഓർഡർ ചെയ്താൽ പാമ്പും, പഴുതാരയും, കൈവിരലുകളുമൊക്കെയാണ് സൗജന്യമായി ലഭിക്കുന്നത്. ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോഴാണ് ഇത്തരത്തിലുള്ളവ ലഭിക്കുന്നതെന്നതും ഏറെ ദൗർഭാഗ്യകരവും സങ്കടകരവുമായ വസ്തുതയാണ്. അത്തരത്തിൽ ഹേർഷെയുടെ ചോക്ലേറ്റ് സിറപ്പിൽ നിന്ന് യുവതിക്ക് ലഭിച്ചത് ചത്ത എലിയെയാണ്.
ഓൺലൈൻ ഗ്രോസറി ഡെലിവെറി ആപ്പായ സെപ്‌റ്റോ വഴിയാണ് പ്രാമി ശ്രീധർ, പ്രമുഖ ചോക്ലേറ്റ് കമ്പനിയായ ഹേർഷെയുടെ ചോക്ലേറ്റ് സിറപ്പ് വാങ്ങിയത്. ബ്രൗണി കേക്കിനൊപ്പം കഴിക്കാൻ സ്പൂണിലേക്ക് അൽപം സിറപ്പ് ഒഴിച്ചപ്പോഴാണ് ചെറിയ രോമങ്ങൾ അവളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ബോട്ടിലിന്റെ സീൽ പൊട്ടിച്ച് സിറപ്പ് മുഴുവനായും ഒരു കപ്പിലേക്ക് ഒഴിച്ചു നോക്കിയതോടെ പ്രാമി അമ്പരന്നുപോയി. സിറപ്പിൽ കിടക്കുന്നത് ചത്ത എലി!
View this post on Instagram
ഇതോടെ സംഗതി തന്റെ ഇൻസ്റ്റഗ്രാമിലും അവൾ പോസ്റ്റ് ചെയ്തു. സംഭവം ഹേർഷെ കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഉപഭോക്താവിനോട് ക്ഷമ ചോദിച്ച് കമ്പനി രംഗത്തെത്തി. എന്നാൽ ഇത്തരത്തിൽ അശ്രദ്ധമായി കൈകാര്യം ചെയ്ത് വരുന്ന ഭക്ഷണ സാധനങ്ങൾ എങ്ങനെ വിശ്വസിച്ച് കഴിക്കുമെന്നാണ് ഉയരുന്ന ചോദ്യങ്ങൾ.















