ഇടുക്കി: സപിഐ ഇടുക്കി ജില്ലാ കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അംഗങ്ങൾ. നരേന്ദ്രമോദി ജനങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അകറ്റുന്നുവെന്ന് യോഗത്തിൽ അംഗങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ ധിക്കാരമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്നും കുറ്റപ്പെടുത്തി.
സിപിഐക്ക് മുന്നണി മാറ്റം ആവശ്യമാണെന്നും ജില്ലാ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി. എൽഡിഎഫിൽ നിന്നാൽ പാർട്ടിക്ക് യാതൊരു ഗുണവും ഉണ്ടാകില്ലെന്നും സി.പി.ഐയുടെ നാല് മന്ത്രിമാരും തികഞ്ഞപരാജയമെന്നും കൗണ്‍സിലില്‍ വിമർശനം ഉയർന്നു.
ഇടുക്കി ജില്ലയിലെ പരാജയത്തിന് കാരണം ഭൂപ്രശ്നങ്ങളാണ്. ഇക്കാര്യത്തിൽ റവന്യൂ വകുപ്പിനും ഉത്തരവാദിത്വമുണ്ട്. കേരള കോണ്‍ഗ്രസിന്റെ മുന്നണിയിലേക്കുള്ള വരവ് ഇടുക്കി ജില്ലയ്ക്ക് യാതൊരു ഗുണവും ചെയ്തില്ല. മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലത്തില്‍ പോലും മുന്നണിക്ക് കാര്യമായ വോട്ട് വർദ്ധനവ് ഉണ്ടായില്ല. പാലായില്‍ തോറ്റിട്ടുപോലും കേരള കോണ്‍ഗ്രസിന് അമിതപരിഗണന നല്‍കുന്നുവെന്നും യോഗത്തില്‍ വിമര്‍ശനം ഉയർന്നു.