മലപ്പുറം: റിമോർട്ട് കൺട്രോളർ ഗേറ്റിൽ തുടുങ്ങി 9 വയസുകാരൻ മരണപ്പെട്ടതിന് പിന്നാലെ കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. 9 വയസുകാരന്റെ മരണവിവരം അറിഞ്ഞതോടെ മുത്തശ്ശി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. വൈലത്തൂർ കുന്നശ്ശേരി അബ്ദുൾ ഗഫൂർ- സാജില ദമ്പതികളുടെ മകൻ മുഹമ്മദ് സിനാനാണ് ഓട്ടോമാറ്റിക് ഗേറ്റിനിടയിൽ കുടുങ്ങി മരിച്ചത്. കുട്ടിയുടെ മൃതദേഹം കാണാനെത്തിയ ഗഫൂറിന്റെ മാതാവ് ആസ്യ (55) ആശുപത്രിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
ഇന്നലെ വൈകിട്ടായിരുന്നു കുട്ടി ഗേറ്റിൽ കുടുങ്ങിയത്. അയൽവാസിയുടെ വീട്ടിലുള്ള ഓട്ടോമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ഇതിൽ കുടുങ്ങിയത്. അയൽവാസികൾ ഹജ്ജിന് പോയതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
കുടുങ്ങി കിടക്കുന്ന കുട്ടിയെ കണ്ട നാട്ടുകാരാണ് ഗേറ്റ് തകർത്ത് വൈലത്തൂരിലെ ക്ലിനിക്കിൽ എത്തിച്ചത്. ഇവിടെ നിന്നും കോട്ടയ്ക്കലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.