ചെന്നൈ: കളളക്കുറിച്ചിയിലെ വിഷമദ്യദുരന്തത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്നയാൾ പൊലീസ് പിടിയിൽ. തമിഴ്‌നാട്ടിലെ കൂടല്ലൂരിൽ ഒളിവിൽ കഴിഞ്ഞ ചിന്നദുരൈയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളാണ് കരുണപുരത്ത് വാറ്റിയ മദ്യം വിതരണം ചെയ്തതെന്നാണ് നിഗമനം. അതേസമയം വിഷമദ്യ ദുരന്തത്തിൽ മരണം 55 ആയി ഉയർന്നു.
ഈ ആഴ്ച ആദ്യമുണ്ടായ ദുരന്തത്തിൽ ഓരോദിവസവും മരണസംഖ്യ ഉയരുന്ന സാഹചര്യമാണുള്ളത്. പലരും ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. വിഷമദ്യ ദുരന്തത്തിൽ മരിച്ച 29 പേരുടെ മൃതദേഹം കുടുംബങ്ങൾക്ക് ഇതിനോടകം വിട്ടുനൽകിയതായും ഇവരുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായതായും ജില്ലാ കളക്ടർ പ്രശാന്ത് പറഞ്ഞു. മൂന്ന് പേർ അപകട നില തരണം ചെയ്തുവെങ്കിലും ഇപ്പോഴും നിരവധിപേർ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജസ്റ്റിസ് ബി ഗോകുൽ ദാസിന്റെ ഏകാംഗ കമ്മീഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ 3 മാസത്തെ സമയമാണ് സർക്കാർ നൽകിയിരിക്കുന്നത്. ഇരകൾക്ക് നഷ്ടപരിഹാരം നൽകി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഡിഎംകെ സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.