“ഞാനൊരു ലാപ്‌ടോപ്പും ഫോണും മോഷ്ടിച്ചിട്ടുണ്ട്, തിരികെ വേണമെങ്കിൽ എന്നെ ബന്ധപ്പെടൂ..” പല തരത്തിലുള്ള കള്ളന്മാരെ കണ്ടിട്ടുണ്ടെങ്കിലും കവർച്ചയ്‌ക്ക് പിന്നാലെ ഫോൺ നമ്പർ സഹിതം എഴുതി വച്ചിട്ട് പോകുന്നവർ ഉണ്ടാകില്ല. എന്നാൽ ഇത്തരത്തിലൊരു രസകരമായ കവർച്ചയും കള്ളന്റെ കത്തുമാണ് വൈറലാകുന്നത്.
ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. നഗരത്തിലെ പ്രമുഖ കമ്പനിയിൽ നിന്ന് സ്മാർട്ട് വാച്ചും ലാപ്‌ടോപ്പും മോഷ്ടിക്കാനായിരുന്നു കള്ളന്റെ പദ്ധതി. ഇതിനായി ഓഫീസ് കുത്തി തുറന്നു. പദ്ധതി പോലെ ആപ്പിളിന്റെ സ്മാർട്ട് വാച്ചും മാക്ബുക്കും കവർന്നു. ഇതിന് പിന്നാലെയാണ് ഓഫീസിലെ കവർച്ച തടയാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തയെ കുറിച്ച് കള്ളൻ ചിന്താകുലനായത്. കമ്പനി മുതലാളിയെ ഇക്കാര്യം ബോധിപ്പിക്കണമെന്ന തോന്നലും കലശലായി. ഇതോടെ മേശപ്പുറത്തിരുന്ന നോട്ട്ബുക്കിൽ വിശദമായി കാര്യങ്ങൾ എഴുതി.
ഞാൻ ഒരു ലാപ്‌ടോപ്പും സ്മാർട്ട് വാച്ചും ഇവിടെ നിന്ന് എടുത്തിട്ടുണ്ട്. ഇവിടുത്തെ കവർച്ച തടയുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തണം. നിങ്ങളുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ എല്ലാ ഫോണുകളുംലാപ്‌ടോപ്പുകളും ഞാൻ എടുക്കുന്നില്ല. ഞാൻ എടുത്ത ഫോണും ലാപ്‌ടോപ്പുംപ്പും തിരികെ വേണമെങ്കിൽ എന്നെ ബന്ധപ്പെടാം എന്നാണ് കുറിപ്പിൽ ഉണ്ടായിരുന്നത്. ഫോൺ നമ്പറും ഇതിനൊപ്പം നൽകിയിരുന്നു.
കരുണ കാണിച്ച കള്ളൻ മണിക്കൂറുകൾക്കകം വലയിലാവുകയും ചെയ്തു. ഫോൺ നമ്പർ ട്രാക്ക് ചെയ്ത് എത്തിയാണ് ഷാങ്ഹായ് പൊലീസ് കള്ളനെ പിടികൂടിയത്. മോഷ്ടിച്ച വസ്തുക്കളുമായി ട്രെയിനിൽ കയറാൻ ഒരുങ്ങുന്നതിനിടെയാണ് വലയിലായത്.
സംഭവം പുറംലോകമറിഞ്ഞതോടെ കള്ളനെ വാഴ്‌ത്തുകയാണ് സോഷ്യൽ മീഡിയ. കരുണയുള്ള കള്ളനെന്നും കള്ളന്മാർക്കുള്ള ബഹുമതിയാണെന്നും നന്മയുള്ള കള്ളൻ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് കള്ളനെ പ്രശംസിച്ച് എത്തുന്നത്. ഓഫീസിലെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിന് പകരം, കള്ളന്റെ സുരക്ഷ മെച്ചപ്പെടുത്താമെന്നാണ് മറ്റൊരു ഉപയോക്താവ് എഴുതിയത്.















