ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഗാന്ധി സരോവറിന് മുകളിലായി ഹിമപാതം. കേദാർനാഥ് ക്ഷേത്രത്തിന് പിറകിലായാണ് ഹിമാപാതമുണ്ടായത്. ഞായറാഴ്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കേദാർനാഥ് ധാമിന് പിറകിലുള്ള പർവ്വതച്ചെരുവിലൂടെ ഹിമപാതം ഒഴുകി വരുന്നതിന്റെ ദൃശ്യങ്ങൾ പിടിഐ പങ്കുവച്ചു.
VIDEO | Uttarakhand: An avalanche occurred over Gandhi Sarovar in Kedarnath. No loss of life and property was reported. More details are awaited. pic.twitter.com/yfgTrYh0oc
— Press Trust of India (@PTI_News) June 30, 2024
മേഖലയിൽ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചിട്ടില്ലെന്ന് രുദ്രപ്രയാഗ് പൊലീസ് സൂപ്രണ്ട് ഡോ. വിശാഖ് അശോക് അറിയിച്ചു. മഞ്ഞുവീഴ്ച കൂടുതലുള്ള സമയങ്ങളിൽ ഹിമപാതങ്ങൾ സംഭവിക്കാറുള്ള മേഖലയാണിതെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
ജൂൺ മാസം ആദ്യവാരം റെക്കോർഡ് തീർത്ഥാടകരാണ് കേദാർനാഥിലെത്തിയത്. ജൂൺ ഒന്ന് മുതൽ ആറ് വരെയുള്ള കണക്കുകൾ പ്രകാരം ഏഴ് ലക്ഷം തീർത്ഥാടകർ ഇവിടെയെത്തി. ബദ്രിനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ചാർധാം ക്ഷേത്രങ്ങളിലേക്ക് പ്രതിവർഷം നിരവധി പേരാണ് തീർത്ഥാടനത്തിനായി എത്തുന്നത്. കടുത്ത മഞ്ഞുവീഴ്ചയുള്ള സമയങ്ങളിൽ ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല.