ന്യൂഡൽഹി: ഓട്ടോറിക്ഷയും സ്കൂട്ടറും കൂടിച്ചേർന്ന പുതിയ തരം വാഹന കാറ്റഗറിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി. ഇതിനായി കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തി. ‘എൽ2-5’ എന്ന പുതിയ വിഭാഗത്തിലാണ് ഇത്തരം വാഹനങ്ങളെ പരിഗണിക്കുക. ഒരേ വാഹനം സ്കൂട്ടറായും ഓട്ടോയായും ഉപയോഗിക്കാവുന്ന ആശയം ഹീറോ മോട്ടോ കോർപിന്റെ കീഴിലുള്ള ‘സർജ്’ എന്ന സ്റ്റാർട്ടപ്പ് അവതരിപ്പിച്ചിരുന്നു. ക്വാർക്ക് 1 എന്ന വാഹനവും പുറത്തിറക്കിയിരുന്നു. ഈ വാഹനം ഇനി റോഡിലിറക്കാം.
ഇലക്ട്രിക് ഓട്ടോയുടെ രൂപത്തിലിറങ്ങി, ഒരു സ്വിച്ച് അമർത്തിയാൽ ഓട്ടോയിൽ നിന്ന് സ്കൂട്ടർ ഇറങ്ങി വരും. ഓട്ടോയുടെ ബാക്കി ബാഗം ചാർജിംഗിന് കുത്തിയിട്ട് സ്കൂട്ടർ ഓടിച്ച് പോകാം. സ്കൂട്ടറിനും പ്രത്യേക ബാറ്ററി പായ്ക്കുണ്ട്. തിരികെ വന്ന് സ്കൂട്ടർ കയറ്റി വച്ച് സ്വിച്ച് അമർത്തിയാൽ വീണ്ടും ഓട്ടോയായി. ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ മൂന്ന് മിനിറ്റ് മതി.
പാസഞ്ചർ, പിക്കപ്പ് അടക്കം നാല് മോഡലുകളുണ്ട്. സ്കൂട്ടറിനും ഓട്ടോയ്ക്കും ഒരേ രജിസ്ട്രേഷൻ നമ്പറാണ് ഉണ്ടാവുക. സ്കൂട്ടറിന് 60 കിലോമീറ്ററാണ് പരമാവധി വേഗം. ഓട്ടോയായാണ് ഓടുന്നതെങ്കിൽ ഇത് 45 കിലോമീറ്ററാകും. 2020-ലാണ് ഹീറോ ക്വാർക്ക് 1 എന്ന പേരിൽ വാഹനം പുറത്തിറക്കിയത്. വില സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഹീറോ മോട്ടോകോർപ്പിന്റെ M360, AMSEP (അഡ്വാൻസ്ഡ് മോഡുലാർ സ്കേലബിൾ ഇലക്ട്രിക് പവർട്രെയിൻ) സാങ്കേതികവിദ്യയാണ് ക്വാർക്ക് 1-ന് കരുത്തേകുന്നത്. പിൻചക്രം പിൻവലിക്കാവുന്ന ഇൻ്റർചേഞ്ച് മെക്കാനിസവും സജ്ജീകരിച്ചിരിക്കുന്നു. ജിപിഎസ്, ബാറ്ററി എസ്ഒസിയുടെ തത്സമയ നിരീക്ഷണം, ഓവർ ദി എയർ (OTA) അപ്ഡേറ്റുകൾ അപ്ഡേറ്റ് ചെയ്യാനുള്ള കഴിവ് തുടങ്ങിയ സവിശേഷതകളും ഓട്ടോസ്കൂട്ടറിനുണ്ട്. റോഡുകളിലെ വാഹന സാന്ദ്രത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വാർക്ക് 1 രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.