ഇന്ത്യയുടെ ബിസിനസ് നയങ്ങളെ പ്രശംസിച്ച് ഐക്യരാഷ്‌ട്ര സഭ. നിക്ഷേപം നടത്താൻ അനുകൂലമായ സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും സുസ്ഥിര വളർച്ചയിലും വികസനത്തിലുമാണ് ഊന്നൽ നൽകുന്നതെന്നും ‘മനുഷ്യാവകാശങ്ങളും അന്തർദേശീയ കോർപ്പറേഷനുകളും മറ്റ് ബിസിനസ്സ് സംരംഭങ്ങളും’ എന്ന വിഷയത്തിൽ വർക്കിംഗ് ഗ്രൂപ്പ് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഭാരതത്തിന്റെ മികവ് പരാമർശിക്കുന്നത്.
വൻകിട ബിസിനസുകൾക്കുള്ള നിർബന്ധിത ചട്ടക്കൂടായ ബിസിനസ്സ് റെസ്‌പോൺസിബിലിറ്റി ആൻഡ് സസ്റ്റൈനബിലിറ്റി റിപ്പോർട്ടിംഗിനെ (ബിആർഎസ്ആർ) (Business Responsibility and Sustainability Reporting) റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. മനുഷ്യാവകാശങ്ങളെ മാനിച്ച് കൊണ്ടും പരിസ്ഥിതി സംരക്ഷണത്തിലൂന്നിയുമാണ് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നത്. സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് ഓരോ ബിസിനസും തുടങ്ങുന്നതെന്നും ഏറെ അഭിനന്ദാർഹമാണ് ഇതെന്നുമാണ് റിപ്പോർട്ടിലുള്ളത്.
ബിആർഎസ്ആർ സംരംഭത്തിന് ലഭിച്ച അംഗീകാരത്തിന് ഇന്ത്യ അഭിനന്ദനം അറിയിച്ചു. മനുഷ്യാവകാശ തത്വങ്ങൾ പാലിക്കുന്നതിൽ കോർപ്പറേഷനുകളുടെയും ധനകാര്യ സ്ഥാപനങ്ങൾക്കും നിർണായക പങ്കുണ്ടെന്ന് ഇന്ത്യൻ നയതന്ത്രജ്ഞൻ സുമൻ സോങ്കർ പറഞ്ഞു. പണമയക്കാനുള്ള ചെലവ് കുറയ്‌ക്കുന്നത് പരിഗണിക്കണമെന്ന് യുഎന്നിന്റെ വർക്കിംഗ് ഗ്രൂപ്പിനോട് അദ്ദേഹം അഭ്യർത്ഥിച്ചു. പണമയയ്‌ക്കൽ ചെലവ് കുറയ്‌ക്കുന്നത് ദരിദ്രർക്ക് ഗണ്യമായ സാമ്പത്തിക സ്രോതസുകൾ ലഭ്യമാക്കാനും ദാരിദ്ര്യ നിർമാർജനത്തിനും അനൗപചാരിക സാമ്പത്തിക ഇടപാടുകൾ തടയാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യാണ് ബിആർഎസ്ആർ ചട്ടക്കൂടിന് പുറകിൽ. സുസ്ഥിരവും ഉത്തരവാദിത്തപൂർവവുമായ ബിസിനസ്സ് സമ്പ്രദായങ്ങളെ കോർപ്പറേറ്റ് പ്രവർത്തനങ്ങളുമായി സമന്വയിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.















