ചെന്നൈ: തമിഴ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തമിഴിൽ തന്നെ മറുപടി കൊടുത്ത് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. കേരളത്തിന് വേണ്ടി മാത്രമല്ല, തമിഴ്നാടിന് വേണ്ടിയും എംപിയായി പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി ചെന്നൈയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കാവേരി, ശബരിമല, പെട്രോൾ വില വർദ്ധനവ് തുടങ്ങി നിരവധി വിഷയങ്ങളിൽ ഉയർന്ന ചോദ്യങ്ങൾക്ക് സുരേഷ് ഗോപി ഉത്തരം നൽകി.
“തൃശ്ശൂരിലെ ജനങ്ങളുടെ അനുഗ്രഹമാണ് ഈ വിജയം. ഞാനെന്തു ചെയ്താലും അത് അവർക്ക് ലഭിക്കണം. എന്നിരുന്നാലും ഞാൻ അവരോട് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. തമിഴ്നാടിന് വേണ്ടിയും ഒരു എംപിയായി ഞാൻ പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ എന്നെ കൗൺസിലിൽ എടുത്തിട്ടുണ്ട്. അതിനാൽ, എവിടെയൊക്കെ പോകണമോ അവിടെയെല്ലാം പോകും. എന്തൊക്കെ ചെയ്യണമോ അതെല്ലാം ചെയ്യും. കാവേരി അടക്കമുള്ള പ്രശ്നങ്ങൾ തമിഴ്നാട്ടിൽ ഉണ്ട്. അതെല്ലാം പരിഹരിക്കണം”.
“ടൂറിസം വകുപ്പ് ഒരു വലിയ പ്രശ്നമല്ല. ഒരുപാട് കാര്യങ്ങൾ ചെയ്യാം. എന്നാൽ പെട്രോളിയം വകുപ്പ് അങ്ങനെയല്ല. മുഴുവൻ ടെക്നിക്കലി വേണം ചെയ്യാൻ. എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നതിനെപ്പറ്റി കൃത്യമായി പഠിക്കേണ്ടതുണ്ട്. ഇവിടെ രാഷ്‌ട്രീയമില്ല. നിങ്ങൾക്ക് രാഷ്‌ട്രീയം കളിക്കണമെങ്കിൽ കളിച്ചോളൂ. പിന്നെ ശബരിമല വിഷയം. ശബരിമലയിൽ ആരും തൊട്ടു കളിക്കത്തില്ല. അങ്ങനെ കളിച്ചവർക്കെല്ലാം നന്നായി പൊള്ളിയിട്ടുണ്ട്. അതിനെക്കുറിച്ച് ഒന്നും ഓർത്ത് ഭയപ്പെടേണ്ട. ഈ ചെന്നൈ എന്നെ വളർത്തിയ സ്ഥലമാണ്. എനിക്ക് ഉറങ്ങാൻ ഇടം തന്ന നാടാണ് തമിഴ്നാട്”-സുരേഷ് ഗോപി പറഞ്ഞു.















