പാലക്കാട്: പിണറായി സർക്കാരിനെതിരെ ജനകീയ പോരാട്ടങ്ങൾ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാടും ചേലക്കരയും ബിജെപിക്ക് തന്നാൽ, 2026-ൽ കേരളത്തിന്റെ മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും പാലക്കാട് നൽകിയ ജനകീയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തെരഞ്ഞെടുപ്പിലെ വിജയ-പരാജയങ്ങൾ പരിശോധിക്കുമ്പോൾ ഇനി കേരളത്തെ നയിക്കേണ്ടത് ബിജെപി ആയിരിക്കണമെന്നാണ് ജനങ്ങൾ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെയുള്ള ജനവികാരമാണ് കാണാനാവുന്നത്. കോൺഗ്രസിനെ ജനങ്ങൾ പരിഗണിച്ചിട്ടില്ല. ഇനി നിങ്ങൾ കേരളത്തെ നയിക്കണമെന്നാണ് ജനങ്ങൾ ഞങ്ങളോട് പറയുന്നത്.
തൃശൂർ തനിക്ക് തരണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനങ്ങൾ ഹൃദയം കൊണ്ട് തൃശൂർ അദ്ദേഹത്തിന് നൽകി. രണ്ട് കൈയ്യും നീട്ടി അദ്ദേഹം സ്വീകരിച്ചു. ബിജെപി നേതൃത്വം പാലക്കാട്ടെ ജനങ്ങളോട് പറയുകയാണ്, നിങ്ങൾ പാലക്കാട് ഞങ്ങൾക്ക് തരണം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും പച്ചയായ വർഗീയതയാണ് നാം കണ്ടത്. 2026-ൽ ബിജെപി സർക്കാർ കേരളത്തിലുണ്ടാവും.
ഒഡീഷയിൽ ബിജെപി സർക്കാർ വന്നു. കേരളത്തിലും ബിജെപി സർക്കാർ വരും. ഇതിന്റെ വ്യക്തമായ സൂചനയാണ് തൃശൂരിന് ജനങ്ങൾ നൽകിയിരിക്കുന്നത്. അടുത്ത രണ്ട് വർഷം പിണറായി വിജയൻ സർക്കാരിന്റെ എല്ലാ തെറ്റായ നയങ്ങൾക്കുമെതിരെ അതിശക്തമായ ജനകീയ പോരാട്ടങ്ങൾ സംഘടിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്.
കേരളത്തിലെ ഒരു ന്യൂനപക്ഷത്തോട് മാത്രം ചാഞ്ഞ് അവരുടെ 30 ശതമാനം വോട്ടിന് വേണ്ടി പ്രവർത്തിക്കുന്നവർക്കുള്ള തിരിച്ചടി കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്. ജനങ്ങളെ ജാതി-മത അടിസ്ഥാനത്തിൽ വേർതിരിച്ച് കാണരുതെന്നും എല്ലാവരെയും ഒരുമിച്ച് നിർത്തി മുന്നോട്ട് പോകണമെന്നുമാണ് ജനങ്ങൾ നൽകുന്ന സന്ദേശമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.