മുഖാമാകെ ദുഖവും സങ്കടവും നിറഞ്ഞ് വെള്ള സാരി ചുറ്റി ഒരു യുവതി രാഷ്‌ട്രപതി ഭവനിലെത്തി. സിയാച്ചിനിലെ തീപിടിത്തത്തിൽ ഒപ്പമുണ്ടായിരുന്ന സൈനികരെ രക്ഷപ്പെടുത്തുന്നതിനിടെ വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ പത്നിയായിരുന്നു അത്. പ്രിയതമന് മരണാർത്ഥം ലഭിച്ച ധീരതയ്‌ക്കുള്ള രണ്ടാമത്തെ ഉയർന്ന ബഹുമതിയായ കീർത്തി ചക്ര രാഷ്‌ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങാനെത്തിയതാണ് സ്മൃതി സിംഗ്.

സ്മൃതി സിംഗും ക്യാപ്റ്റൻ സിംഗിന്റെ അമ്മ മഞ്ജു സിംഗും ചേർന്നാണ് രാഷ്‌ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്. പുരസ്കാരം ഏറ്റുവാങ്ങുന്നതിന്റെ വീഡിയോ ദൃശ്യമാണ് ഇന്ന് സോഷ്യൽ മീഡിയയെ ഒന്നാകെ ഈറനണിയിച്ചിരിക്കുന്നത്. മരണമടഞ്ഞ ഭർത്താവിന്റെ ധീരമായ ത്യാഗത്തെ പ്രശംസിക്കുമ്പോൾ സ്മൃതി നിറകണ്ണുകളോടെ കൈകൾ കൂപ്പി. പിന്നാലെ ക്യാപ്റ്റൻ സിംഗിന്റെ ഓർമകളും സ്മൃതി പങ്കുവച്ചു.
President Droupadi Murmu conferred Kirti Chakra upon Captain Anshuman Singh, The Army Medical Corps, 26th Battalion The Punjab Regiment, posthumously. Disregarding his own safety, he exhibited exceptional bravery and resolve to rescue many people in a major fire incident. pic.twitter.com/o8bVuM3ZOo
— President of India (@rashtrapatibhvn) July 5, 2024
തന്റെ നെഞ്ചിൽ പിച്ചള കയറിയാകും മരിക്കുകയെന്നും അതിനെ സാധാരണ മരണമായി കാണാൻ കഴിയില്ലെന്നും ധീര മരണമാകും താൻ കൈവരിക്കുകയെന്നും ക്യാപ്റ്റൻ സിംഗ് പറഞ്ഞിരുന്നതായി സ്മൃതി ഓർമ്മിച്ചു. ഭർത്താവുമായി അവസാനമായി സംസാരിച്ചതിന്റെ ഓർമ്മകളും അദ്ദേഹത്തിന്റെ മരണവാർത്ത നൽകിയ വേദനയെ കുറിച്ചും സ്മൃതി മനസ് തുറക്കുന്ന വീഡിയോ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് എക്സിൽ പങ്കുവച്ചിട്ടുണ്ട്.
എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായതെന്ന് സ്മൃതി പറഞ്ഞു. കോളേജിന്റെ കോണിപ്പടികളിലൂടെ കാലെടുത്ത് വച്ച ദിനത്തിൽ തന്നെയാണ് അദ്ദേഹത്തിനെ ആദ്യമായി കണ്ടുമുട്ടിയത്. കണ്ട മാത്രയിൽ തന്നെ പ്രണയം തോന്നി. എഞ്ചിനീയറിംഗ് പഠനത്തിനെത്തിയതാണ് ഇരുവരും. എന്നാൽ ഒരു മാസത്തിന് ശേഷം അൻഷുമാൻ സിംഗിനെ ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒരു മാസത്തെ പരിചയം എട്ട് വർഷത്തെ പ്രണയബന്ധത്തിലെത്തിച്ചു. തുടർന്ന് വിവാഹിതരായെങ്കിലും രണ്ട് മാസത്തിന് ശേഷം അദ്ദേഹത്തിന് സിയാച്ചിനിൽ നിയമനം ലഭിച്ചു. ജൂൺ 18-ന് ക്യാപ്റ്റനുമായി ഏറെ നേരം സംസാരിച്ചു. വരുന്ന 50 വർഷത്തെ ജീവിതം എങ്ങനെയായിരിക്കണമെന്ന് ഞങ്ങൾ സംസാരിച്ചു. പുതിയ വീട് വയ്‌ക്കണം, കുഞ്ഞുങ്ങളുമായി സന്തോഷകമായി ജീവിക്കണം, അങ്ങനെ ഒരുപാട് സംസാരിച്ചു. പിറ്റേന്ന് രാവിലെ അദ്ദേഹം ഇനി ഇല്ലെന്ന് അറിയുന്ന ഫോൺ സന്ദേശം കേട്ടാണ് ഉറക്കമുണർന്നത്- നിറകണ്ണുകളോടെ സ്മൃതി പറയുന്നു.
Cpt #AnshumanSingh was awarded #KirtiChakra (posthumous). It was an emotional moment for his wife & Veer Nari Smt Smriti who accepted the award from #President Smt #DroupadiMurmu. Smt Smriti shares the story of her husband’s commitment & dedication towards the nation. Listen in! pic.twitter.com/SNZTwSDZ1Z
— A. Bharat Bhushan Babu (@SpokespersonMoD) July 6, 2024
മരണവാർത്ത അറിഞ്ഞ ആദ്യത്തെ മണിക്കൂറുകളിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ സാധിച്ചില്ലെന്നും അറിഞ്ഞത് സത്യമല്ലെന്ന് വിശ്വസിച്ചുവെന്നും സ്മൃതി പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ മരണാർത്ഥം സമ്മാനിച്ച കീർത്തി ചക്ര ഇന്ന് എന്റെ കരങ്ങളിലുണ്ട്. അതുകൊണ്ട് അദ്ദേഹം ഇനിയില്ലെന്ന് ഞാൻ വിശ്വസിച്ചേ മതിയാകൂ. എന്നിരുന്നാലും അദ്ദേഹമൊരു ഹീറോയായിരുന്നു. ജീവിതവും കുടുംബവും ഉപേക്ഷിച്ച് രാഷ്‌ട്രത്തിനായി ജീവിച്ച അദ്ദേഹത്തിന്റെ ധീരതയിൽ മൂന്ന് കുടുംബങ്ങളാണ് രക്ഷപ്പെട്ടത്. അദ്ദേഹത്തെ ഓർത്ത് അഭിമാനം തോന്നുന്നു- സ്മൃതി കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ സിംഗ് മരിച്ചിട്ട് ഒരു വർഷമായെങ്കിലും ജീവന്റെ പാതി വിടപറഞ്ഞതിന്റെ ദുഃഖത്തിൽ നിന്ന് കരകയറാൻ അവർക്കായിട്ടില്ല.
തീപിടിത്തത്തിൽ പൊള്ളലേറ്റവരെ രക്ഷിക്കുന്നതിനിടെയാണ് ക്യാപ്റ്റൻ സിംഗ് വീരമൃത്യു വരിച്ചത്. സിയാച്ചിനിലെ ഇന്ത്യൻ സേനയുടെ വെടിമരുന്ന് സംഭരണശാലയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായി. ഫൈബർ ഗ്ലാസ് കുടിലിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനിടെ അടുത്തുള്ള മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ ഷെൽട്ടറിലേക്ക് തീ പടർന്നു. അതിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ജീവൻരക്ഷാ മരുന്നുകൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ക്യാപ്റ്റൻ സിംഗിന് ഗുരുതരമായ പൊള്ളലേൽക്കുകയായിരുന്നു. പിന്നാലെ മരണത്തിന് കീഴടങ്ങി. ഓപ്പറേഷൻ മേഘദൂതിന്റെ കീഴിൽ സിയാച്ചിനിൽ അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിംഗ് ആയിരുന്നു.















