മുംബൈ : വ്യാജ രേഖകൾ ഉപയോഗിച്ച് നേടിയ 42 ഓളം പാസ്‌പോർട്ടുകൾ പൂനെയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസ് റദ്ദാക്കി. അനധികൃതമായി അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ ബംഗ്ലാദേശികളുടേതാണ് ഊ പാസ്പോർട്ടുകൾ.
മഹാരാഷ്‌ട്ര നിഗ്ഡി മേഖലയിൽ നിന്ന് ഈ വർഷം ജനുവരിയിൽ പിടിയിലായ ബംഗ്ലാദേശികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് 42 പാസ്‌പോർട്ടുകളുടെ വിശദാംശങ്ങൾ പുറത്തുവന്നതെന്ന് ഡിസിപി ശിവാജി പവാർ പറഞ്ഞു . ബംഗ്ലാദേശിലെ ചിറ്റഗോങ് സ്വദേശികളായ ഡെബിറ്റ് റോയ് എന്ന റോക്കി ബറുവ (31), അമിറോൺ ബറുവ (28), അങ്കുർ ബറുവ (28), റതുൽ ബറുവ (28), റാണ ബറുവ (25) എന്നിവരെയാണ് ജനുവരിയിൽ പിടികൂടിയത്.
അന്വേഷണത്തിൽ ബംഗ്ലാദേശികൾ അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതായും നിഗ്ഡിയിലെ സായ്‌നാഥ് നഗറിൽ താമസിക്കുന്നതായും പോലീസ് കണ്ടെത്തി . തങ്ങളുടെ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ബിസിനസ്സ് ആവശ്യത്തിനായി വിദേശത്തേക്ക് പോകാനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. പിടിച്ചെടുത്ത ഇന്ത്യൻ പാസ്പോർട്ടുകളിൽ മൂന്നെണ്ണം ഗോവയിൽ വച്ചാണ് ലഭിച്ചതെന്ന് അന്വേഷണം നടത്തിയ എസ് ഐ എഎസ് ദേശ്മുഖ് വ്യക്തമാക്കി .
പൂനെയിലെ ചന്ദൻ നഗറിലെ പ്രാദേശിക ഏജൻ്റായ സായ്‌നാഥ് യെയിൽവാദിൽ നിന്ന് നിരവധി ബംഗ്ലാദേശികൾക്ക് ഇന്ത്യൻ പാസ്‌പോർട്ട് ലഭിക്കുന്നതിന് സഹായം ലഭിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഡെബിറ്റ് റോയ് എന്നറിയപ്പെടുന്ന റോക്കി, പൂനെയിലും ഗോവയിലും അനധികൃതമായി താമസിക്കുന്ന മറ്റൊരു ബംഗ്ലാദേശി ജോയ് ചൗധരി എന്ന ജിക്കു ദാസ് എന്നിവരാണ് ഇത്തരത്തിൽ പാസ്പോർട്ടുകൾ ലഭിക്കാനായി വ്യാജരേഖകൾ നിർമ്മിച്ചത്.
പോലീസ് റിപ്പോർട്ടുകൾ പ്രകാരം, ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാർ ആദ്യം പാൻ കാർഡുകളും ആധാർ കാർഡുകളുമാണ് നേടിയത് . പാസ്‌പോർട്ടുകൾ സ്വന്തമാക്കാൻ പൂനെയിലെയും ഗോവയിലെയും ഏജൻ്റുമാരുടെ സഹായവും തേടി .
ഇത്തരത്തിൽ അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശികൾ നേടിയ 42 ഇന്ത്യൻ പാസ്‌പോർട്ടുകളെക്കുറിച്ച് പിംപ്രി ചിഞ്ച്‌വാഡ് പോലീസ് ഡിസിപി സന്ദീപ് ഡോയ്‌ഫോഡ് പാസ്‌പോർട്ട് ഓഫീസിനെ അറിയിച്ചു. തുടർന്ന് ജൂലൈ രണ്ടിന് പാസ്‌പോർട്ട് ഓഫീസ് പരിശോധന നടത്തി 42 പാസ്‌പോർട്ടുകളും റദ്ദാക്കുകയായിരുന്നു.















