തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കാനിരുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിച്ച ശേഷവും വിതരണം ചെയ്യാതിരുന്നതിന് പിന്നിൽ പത്രത്തിനകത്തെ എഡിറ്റോറിയൽ തർക്കമാണെന്ന് റിപ്പോർട്ടുകൾ. വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയും മുൻ നാടകപ്രവർത്തകനുമായ വിജയനെക്കുറിച്ചുള്ള ഫീച്ചറിന് നൽകിയ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടാണ് വിവാദത്തിന് വഴിവെച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
തലക്കെട്ട് മാറ്റണമെന്ന ആവശ്യം ചില മുതിർന്ന എഡിറ്റോറിയൽ അംഗങ്ങൾ ഉന്നയിച്ചെങ്കിലും ഒരു വിഭാഗം അംഗീകരികരിച്ചില്ലെന്നും ഇതോടെ അച്ചടി പൂർത്തിയായ വാരാന്തപ്പതിപ്പ് വിതരണം ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് മാനേജ്മെന്റ് എത്തിയെന്നുമാണ് റിപ്പോർട്ടുകൾ. തുടർന്ന് ‘സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല’ എന്ന അറിയിപ്പാണ് ദേശാഭിമാനി നൽകിയത്.
ഈ പതിപ്പിൽ വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് മുൻ പ്രസ് സെക്രട്ടറിയും ചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ ‘വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം’ എന്ന കവർ സ്റ്റോറിയും ഉൾപ്പെട്ടിരുന്നതായാണ് വിവരം. വി.എസ്. അനുസ്മരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക പതിപ്പ് അവസാന നിമിഷം ഒഴിവാക്കിയത് വെട്ടിനിരത്തിലിന്റെ ഭാഗമാണോ എന്ന സംശയും ശക്തമാണ്.
അതേസമയം, വാരാന്തപ്പതിപ്പ് പിൻവലിച്ചതിന് പിന്നിൽ പത്രത്തിനകത്തെ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങളും രാഷ്‌ട്രീയ കാരണങ്ങളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാമൂഹിക-രാഷ്‌ട്രീയ മേഖലകളിൽ ചർച്ചയാകുന്നതിനിടെ, വാരാന്തപ്പതിപ്പ് പിൻവലിച്ചതുമായി ബന്ധപ്പെട്ട് ദേശാഭിമാനി എന്തെങ്കിലും വിശദീകരണം നൽകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്‌ട്രീയ നിരീക്ഷകരും വായനക്കാരും.















