മോസ്‌കോ: ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനായി ഇന്ത്യയും റഷ്യയും പരസ്പരം സഹകരണത്തോടെ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂലൈ 8ന് ജമ്മുകശ്മീരിലെ കത്വ മേഖലയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലും ജൂൺ 23ന് റഷ്യയിലെ ഡാഗെസ്താനിലും മാർച്ച് 22 ന് മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിലും നടന്ന ഭീകരാക്രമണങ്ങളെ ഇരു നേതാക്കളും ശക്തമായി അപലപിച്ചു.
ഭീകരാക്രമണങ്ങളും ഭീകരവാദികൾക്ക് സഹായം നൽകുന്ന ശൃംഖലകളും ഇല്ലാതാക്കുന്നതിനായി ഇരു രാജ്യങ്ങളും പരസ്പരം സഹകരണത്തോടെ ശക്തമായി പോരാടുമെന്ന് നേതാക്കൾ പറഞ്ഞു. പാകിസ്താനിൽ നിന്ന് അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളാണ് ഇന്ത്യ നേരിടുന്നത്. അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കാൻ സാധിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അന്താരാഷ്‌ട്ര തലത്തിലുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ഇരുപക്ഷവും ആഹ്വാനം ചെയ്തിട്ടുണ്ട്. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെയും യുഎൻ ജനറൽ അസംബ്ലിയുടെയും തീവ്രവാദ വിരുദ്ധ പ്രമേയങ്ങൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. തീവ്രവാദത്തെ ഒരു മതവുമായോ, ദേശീയതയുമായോ, വംശീയ വിഭാഗവുമായോ ബന്ധപ്പെടുത്തരുതെന്നും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും അവരെ പിന്തുണയ്‌ക്കുന്നവരെയും ജാതിമത ഭേദമന്യേ ശിക്ഷിക്കണമെന്നും ഇരു നേതാക്കളും ആവർത്തിച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി റഷ്യയിലെത്തിയത്. റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തിരുന്നു. റഷ്യയിലെ ദ്വിദിന സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്ന് ഓസ്ട്രിയയിലെത്തി. ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറുമായും ഇന്ത്യൻ സമൂഹമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.