രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ആഡംബര വിവാഹമാണ് മുംബൈയിൽ നടക്കുന്നത്. പ്രീ വെഡ്ഡിംഗ് ആഘോഷം മുതൽ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹം ലോക ശ്രദ്ധപിടിച്ചു പറ്റി. വിവാഹത്തിന് മുന്നോടിയായുള്ള ഓരോ ചടങ്ങിനും രാധിക ധരിക്കുന്ന വസ്ത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. കോടികൾ വിലവരുന്ന വസ്ത്രങ്ങളാണ് വധു ഓരോ ചടങ്ങിനും ധരിച്ചത്.
ഹൽദി ചടങ്ങിന് രാധിക ധരിച്ച വസ്ത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രണ്ട് വസ്ത്രങ്ങളാണ് ഹൽദിക്കായി രാധിക തെരഞ്ഞെടുത്തത്. ചടങ്ങിനായി മഞ്ഞ നിറത്തിലുള്ള ലഹങ്കയും ചടങ്ങിനുശേഷം ധരിക്കാന്‍ സാല്‍മണ്‍ പിങ്ക് നിറത്തിലുള്ളതും. ഇത് രണ്ടും ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്രശസ്ത സെലിബ്രിറ്റി ഡിസൈനര്‍ അനാമിക ഖന്നയാണ്. സ്റ്റൈല്‍ ചെയ്തിരിക്കുന്നത് റിയ കപൂറുമാണ്.
മഞ്ഞ നിറത്തിലെ ലഹങ്കയോടൊപ്പം മുല്ലപ്പൂക്കളും ജമന്തിപ്പൂക്കളാലും നിറച്ച ദുപ്പട്ടയാണ് ഏറെ ശ്രദ്ധയാകർഷിച്ചത്. ഇതിനായി ആയിരത്തോളം മുല്ലപ്പൂവും നൂറോളം ജമന്തിപ്പൂവുമാണ് ഉപയോഗിച്ചത്. മുല്ലമൊട്ടുകൾ കൊണ്ടുണ്ടാക്കിയ കമ്മലും മോതിരവും നെക്ലൈസുകളുമാണ് രാധിക ഇതിനോടൊപ്പം അണിഞ്ഞത്.
ഫ്ലോറൽ ആർട്ട് ഡിസൈൻ സ്റ്റുഡിയോയാണ് 1000 മുല്ലപ്പൂവും 90 ജമന്തിപ്പൂക്കളും നിറഞ്ഞ ദുപ്പട്ട ഡിസൈൻ ചെയ്തത്. സ്നേഹത്തിന്റെയും കലയുടെയും അധ്വാനമായിരുന്നു രാധികയുടെ ദുപ്പട്ട. ഒരൊറ്റ രാത്രികൊണ്ട് നിരവധിപേർ ചേർന്നാണ് ഈ ദുപ്പട്ട ഒരുക്കിയതെന്നാണ് ഡിസൈൻ സ്റ്റുഡിയോയായുടെ സ്ഥാപകയായ സൃഷി പറഞ്ഞത്.
View this post on Instagram
ജൂലൈ 12-ന് മുംബൈ ജിയോ വേള്‍ഡ് കണ്വെന്ഷന് സെന്ററിലാണ് രാധികയുടേയും അനന്തിന്റേയും വിവാഹം നടക്കുന്നത്. ഇതിനായി മൂന്ന് ദിവസത്തെ ആഘോഷങ്ങളാണ് നടക്കുന്നത്. നേരത്തെ ഗുജറാത്തിലെ ജാംനഗറിലും ഇറ്റലിയിലെ ആഡംബരക്കപ്പലിലും പ്രീ വെഡ്ഡിങ് ആഘോഷങ്ങളാണ് നടത്തിയിരുന്നത്.