ബെംഗളൂരു: നടിയും ടെലിവിഷൻ അവതാരകയുമായ അപർണ വസ്താരെ അന്തരിച്ചു. 57 വയസ്സായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ശ്വാസകോശ അർബുദവുമായി മല്ലിടുകയായിരുന്നു അപർണയെന്ന് ഭർത്താവ് നാഗരാജ് വസ്തരെ അറിയിച്ചു.
നമ്മ മെട്രോയിൽ യാത്ര ചെയ്യുന്ന ബെംഗളൂരുക്കാർക്ക്, 2014 മുതൽ കന്നഡ അനൗൺസർ എന്ന നിലയിൽ പരിചിതമായ ശബ്ദമായിരുന്നു അപർണയുടേത്. 1984 ലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പുട്ടണ്ണ കനഗലിന്റെ ‘മസനട ഹൂവാ’യിരുന്നു ആദ്യ ചിത്രം. കന്നഡ ടെലിവിഷൻ പരിപാടികളിലെ ജനപ്രിയ മുഖമായിരുന്നു അപർണയുടേത്.
1990 കളിൽ ഡി ഡി ചന്ദനയിൽ സംപ്രേഷണം ചെയ്ത വിവിധ ഷോകൾ അവതരിപ്പിക്കുകയും നിരവധി പൊതു ചടങ്ങുകളുടെ പ്രോഗ്രാം അവതാരകയുമായിരുന്നു. ടെലിവിഷൻ ചാനലുകളിലെ മൂടല മാനെ, മുക്ത തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിരുന്നു. 2013 ൽ, കന്നഡ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി പ്രത്യക്ഷപ്പെട്ടിരുന്നു. ഭർത്താവ് നാഗരാജ് വസ്തരെ കന്നഡ എഴുത്തുകാരനും ആർക്കിടെക്ടുമാണ്.