സിയാറ്റിൽ ; അമേരിക്കയിലെ സിയാറ്റിൽ, ബെല്ലെവ്യൂ നഗരങ്ങളിൽ ആദ്യ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രം ആരംഭിച്ചു . മേയർ ബ്രൂസ് ഹാരെലും സിയാറ്റിൽ ഇന്ത്യൻ കോൺസൽ ജനറൽ പ്രകാശ് ഗുപ്തയും സംയുക്തമായാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
സിയാറ്റിലിലും ബെല്ലെവ്യൂവിലും പുതിയ വിസ അപേക്ഷാ കേന്ദ്രങ്ങൾ തുറക്കുന്നത് പസഫിക് വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ പ്രതിബദ്ധതയ്‌ക്ക് ആക്കം കൂട്ടുന്നതാണ് .2023 നവംബറിൽ സിയാറ്റിലിൽ ആദ്യ ഇന്ത്യൻ കോൺസുലേറ്റ് ആരംഭിച്ചതിന് പിന്നാലെയാണ് തുടർന്നാണ് ഐവിഎസി സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത് .
ഗ്രേറ്റർ സിയാറ്റിലിലെ താമസക്കാർക്ക് വിസ, പാസ്‌പോർട്ട്, ഒസിഐ തുടങ്ങിയ കോൺസുലാർ സേവനങ്ങളും മറ്റ് അനുബന്ധ കോൺസുലാർ ആവശ്യകതകളും നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് സിയാറ്റിലിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔട്ട്‌സോഴ്‌സ് വിസ സേവന പങ്കാളിയായ VFS ഗ്ലോബലിനാണ് വിസ അപേക്ഷ കേന്ദ്രങ്ങളുടെ ചുമതല .
“ഈ വിസ അപേക്ഷാ കേന്ദ്രങ്ങൾ വിസ അപേക്ഷാ പ്രക്രിയ കൂടുതൽ സുഗമമാക്കും , അതുവഴി യാത്രക്കാർക്കും ഇന്ത്യൻ പ്രവാസികൾക്കും മികച്ച സേവനം നൽകാൻ ഞങ്ങൾക്ക് കഴിയും “ വിഎഫ്എസ് ഗ്ലോബൽ മേധാവി അമിത് കുമാർ ശർമ്മ പറഞ്ഞു.
അലാസ്ക, ഐഡഹോ, മൊണ്ടാന, നെബ്രാസ്ക, നോർത്ത് ഡക്കോട്ട, ഒറിഗോൺ, സൗത്ത് ഡക്കോട്ട, വാഷിംഗ്ടൺ, വ്യോമിംഗ് എന്നീ ഒമ്പത് പസഫിക് വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളെ ഉൾക്കൊള്ളുന്ന സിയാറ്റിലിലെ ഈ കേന്ദ്രം ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനകരമാകുമെന്നാണ് റിപ്പോർട്ട് .















