ലെജൻഡ്സ് ചാമ്പ്യൻഷിപ്പിൽ പാകിസ്താനെ നിലംപരിശാക്കി കിരീടം ഉയർത്താൻ ഇന്ത്യ പുറത്തെടുത്തത് ഓൾറൗണ്ട് പ്രകടനം. വിരമിച്ചവരെങ്കിലും വീറിനൊട്ടും കുറവില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഓരോരുത്തരുടെയെും പ്രകടനം. എഡ്ജ്ബാസ്റ്റണിൽ നടന്ന ഫൈനലിൽ യൂനിസ് ഖാൻ നയിച്ച പാകിസ്താന് നിശ്ചിത ഓവറിൽ 156/6 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യ അഞ്ചു പന്ത് ബാക്കി നിൽക്കെ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കൊയ്യുകയായിരുന്നു. സെമിയിൽ ഓസ്ട്രേലിയയെ വീഴ്ത്തിയാണ് ഇന്ത്യ മുന്നേറിയത്.
36 പന്തിൽ 41 റൺസെടുത്ത ഷൊയ്ബ് മാലിക് മാത്രമാണ് അല്പമെങ്കിലും പൊരുതിയത്. കാമ്രാൻ അക്മൽ (24), സൊഹൈൽ തൻവീർ(19), ഷൊയ്ബ് മക്സൂദ്(21), മിസ്ബാ ഉൾ ഹഖ്(18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ. അനിരൂത് സിംഗിന്റെ മൂന്ന് വിക്കറ്റോടെ തിളങ്ങിയപ്പോൾ വിനയ് കുമാർ, പവൻ നേഗി, ഇർഫാൻ പത്താൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിൽ ഓപ്പണർ അംബാട്ടി റായുഡു (30 പന്തിൽ 50) നടത്തിയ കടന്നാക്രമണമാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. റോബിൻ ഉത്തപ്പ(10), ഗുർകീരാത് സിംഗ് മാൻ(34), എന്നിവരുടെ വിക്കറ്റ് നഷ്ടമായി ഇന്ത്യ പതറിയെങ്കിലും ആറാമനായി ക്രീസിലെത്തിയ യൂസഫ് പത്താൻ (16 പന്തിൽ 30) നടത്തിയ പ്രകടനമാണ് ഇന്ത്യന വിജയം അനായാസമാക്കിയത്. യുവരാജ് സിംഗ് (15),ഇർഫാൻ പത്താൻ(5) പുറത്താകാതെ നിന്നു.