ഹരാരെ: അവസാനത്തെ ടി20യിൽ ഇന്ത്യൻ ബാറ്റിംഗ് നിരയെ ഒറ്റയ്‌ക്ക് തോളേറ്റി ഉപനായകൻ സഞ്ജു സാംസൺ. ടി20യിലെ രണ്ടാം അർദ്ധസെഞ്ച്വറി 45 പന്തിൽ 58) നേടിയ സാംസന്റെ മികവിൽ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച സിംബാബ്‌വെയ്‌ക്ക് 15 റൺസിനിടെ രണ്ടുവിക്കറ്റ് നഷ്ടമായി. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്.
40 റൺസടുക്കുന്നതിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റ് നഷ്ടമായി. യശസ്വി ജയ്സ്വാൾ(12), ശുഭ്മാൻ ഗിൽ(13), അഭിഷേക് ശർമ്മ(14) എന്നിവരാണ് പെട്ടെന്ന് കൂടാരം കയറിയത്.ഇന്നിംഗ്സിൽ ഉപനായകൻ മാത്രമാണ് 30 റൺസിന് മേലെ സ്കോർ ചെയ്തത്.ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ സഞ്ജു സാംസന്റെ പക്വതയോടെയുള്ള ഇന്നിംഗ്സാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. നാല് സിക്സുകൾ പറത്തിയ താരം ഒരു ബൗണ്ടറിയും നേടി.
റിയാൻ പരാഗുമായി (22) ചേർന്ന് 65 റൺസിന്റെ കൂട്ടുക്കെട്ടും ശിവം ദുബെയുമായി (26) ചേർന്ന് 30 റൺസ് ചേർക്കാനും സഞ്ജുവിനായി. റിങ്കു സിംഗ് (11), വാഷിംഗ്ടൺ സുന്ദർ(1) എന്നിവർ പുറത്താകാതെ നിന്നു.ബ്ലെസിംഗ് മുസറബാനി സിംബാബ്‌വെക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി.ഖലീൽ അഹമ്മദിനും ഋതുരാജ് ഗെയ്ക്വാദിനും ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു.















