പൃഥ്വിരാജ് നായകനായ ബ്ലെസി ചിത്രം ആടു ജീവിതം ഒടിടിയിലേക്ക്. ബെന്യാമിന്റെ ആദ്യ നോവലിന്റെ ദൃശ്യാവിഷ്കാരമായിരുന്നു പാൻ ഇന്ത്യൻ ചിത്രമായെത്തിയ ആടുജീവിതം. 16 വർഷത്തിലേറെ നീണ്ട തയാറെടുപ്പുകൾക്കും വർഷങ്ങൾ നീണ്ട ചിത്രീകരണത്തിനും ഒടുവിലാണ് സിനിമ തിയറ്ററിലെത്തിയത്. മാർച്ച് 28ന് ബിഗ് സ്ക്രീനിലെത്തിയ സിനിമ ആരാധക-നിരൂപ പ്രശംസ നേടിയിരുന്നു. ബോക്സോഫീസിലും പണം വാരിയ ചിത്രം വലിയ കാത്തിരിപ്പിനൊടുവിലാണ് ഒടിടിയിൽ സ്ട്രീമിംഗിന് ഒരുങ്ങുന്നത്.
ജൂലായ് 19ന് നെറ്റ്ഫ്ളിക്സിലാണ് ചിത്രമെത്തുക. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷകളിലാണ് സ്ട്രീം ചെയ്യുക. ഓസ്‌കർ ജേതാക്കളായ എ.ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ച സിനിമ 150 കോടി രൂപയിലേറെ നേടിയിരുന്നു. അമല പോളാണ് നായികയായെത്തിയത്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തിയത്.














