തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡീഷയ്‌ക്ക് മുകളിൽ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമർദം ദുർബലമായതിനു ശേഷം ജൂലൈ 19 ഓടെ പുതിയ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇതിന്റെ ഫലമായി അറബിക്കടലിലെ കാലവർഷക്കാറ്റ് സജീവമായി തുടരാനും കേരളത്തിൽ വ്യാപകമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ശക്തിയാർജിച്ച് വടക്കോട്ട് സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഈ സമയങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത.
IITM പൂനെയുടെ ആഴ്ച തിരിച്ചുള്ള മഴ പ്രവചനത്തിൽ അടുത്ത രണ്ടാഴ്ച കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ, സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ വടക്കൻ കേരളത്തിലടക്കം ശക്തമായ മഴയാണ് ദിവസങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്നത്. കാലവർഷക്കെടുതികളും വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ ന്യൂനമർദ്ദ സാദ്ധ്യത കൂടി പ്രവചിക്കുമ്പോൾ ദുരിതം ഇരട്ടിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.















