പാരീസ്: ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ഒലിവർ ജിറൂദ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സ്ട്രൈക്കറാണ് 37 കാരനായ ജിറൂദ്. യൂറോ കപ്പിൽ ഫ്രാൻസ് സെമിയിൽ പുറത്തായതിന്റെ വേദന മാറും മുൻപാണ് ഒലിവറിന്റെ വിരമിക്കൽ വാർത്തയും ഫ്രഞ്ച് ആരാധകർക്ക് മുന്നിലെത്തുന്നത്.
ഫ്രാൻസിനായി 137 മത്സരങ്ങളിൽ നിന്ന് 57 ഗോളുകളാണ് ജിറൂദ് അടിച്ചുകൂട്ടിയത്. ഹ്യൂഗോ ലോറിസിനും ലിലിയൻ തുറാമിനും ശേഷം ഏറ്റവും കൂടുതൽ തവണ ഫ്രാൻസിനായി കളത്തിലറങ്ങിയ താരവും ജിറൂദ് ആണ്. വിരമിക്കലിനെക്കുറിച്ച് ജിറൂദ് യൂറോ കപ്പ് മത്സരത്തിന് മുൻപ് തന്നെ സൂചനകൾ നൽകിയിരുന്നു. സെമിയിൽ സ്പെയിനോട് 2-1 ന് പരാജയപ്പെട്ടാണ് ഫ്രാൻസ് ഇക്കുറി യൂറോ കപ്പിൽ നിന്ന് പുറത്തായത്.
ഒരു പേജ് കൂടി മറിയുന്നു… ഞാൻ മറ്റ് സാഹസങ്ങളിലേക്ക് പറക്കുകയാണ്… 13 വർഷം ഞാൻ സേവനം ചെയ്ത ഈ ഫ്രഞ്ച് ടീം ഇനിയും എന്നും എന്റെ നെഞ്ചിൽ കൊത്തിവച്ചിട്ടുണ്ടാകും. ഇത് എന്റെ ഏറ്റവും വലിയ അഭിമാനമാണ് ഏറ്റവും മനോഹരമായ ഓർമ്മയും വിരിമിക്കലിനെക്കുറിച്ച് ജിറൂദിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
2011 ലാണ് ഫ്രാൻസിന് വേണ്ടി ജിറൂദ് ആദ്യം ബൂട്ട് കെട്ടിയത്. യുഎസിനെതിരെ ആയിരുന്നു ആദ്യ മത്സരം. 2018 ൽ ക്രൊയേഷ്യയെ തോൽപിച്ച് ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലും ജിറൂദ് ഉണ്ടായിരുന്നു. 2022 ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിൽ ജിറൂദ് നാല് ഗോളുകൾ നേടി കൈയ്യടി വാങ്ങിയിരുന്നു.
മേജർ ലീഗ് സോക്കറിൽ ലോസ് ആഞ്ചലസ് ക്ലബ്ബിനൊപ്പമായിരിക്കും ഇനി ജിറൂദിന്റെ കരിയർ. 2025 അവസാനം വരെയാണ് കരാർ ഉളളത്. നേരത്തെ ഇറ്റാലിയൻ ക്ലബ്ബായ എസി മിലാന്റെ താരമായിരുന്ന ജിറൂഡ് ആ കരാർ അവസാനിച്ച ശേഷമാണ് ലോസ് ആഞ്ചലസിലേക്ക് മാറിയത്. 2012 മുതൽ 18 വരെ ആർസനലിന് വേണ്ടിയും പിന്നീട് ചെൽസിക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. 716 ക്ലബ്ബ് ഫുട്ബോൾ മാച്ചുകളിൽ നിന്നായി 285 ഗോളുകളാണ് ജിറൂദിന്റെ പേരിലുളളത്.