മനുഷ്യന്റെ അനക്കവും വെളിച്ചവും കണ്ടാൽ ഭയന്നൊളിക്കുന്ന ജീവിയാണ് ആമ. അപകടം മണത്താൽ നാല് കാലുകളും തലയും പുറം തോടിനുള്ളിലേക്ക് വലിച്ചെടുത്ത് ചുരുണ്ടു കൂടുന്ന ആമകൾ ഇന്ന് കൂട്ടത്തോടെ നാട്ടിലിറങ്ങുകയാണ്.
തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലിലാണ് വരിതെറ്റാതെ ആമകൾ എത്തുന്നത്. ക്ഷേത്രക്കുളത്തിൽ നിന്ന് 50 മീറ്റർ അകലെയാണ് ‘ജവാൻ ഹോട്ടൽ’. രാത്രി ഏഴരയോടെ ഹോട്ടൽ അടയ്‌ക്കും. ലൈറ്റ് ഓഫാക്കുന്നതിന് പിന്നാലെ കുളത്തിൽ നിന്ന് സംഘം ചേർന്ന് ആമകളെത്തി ഇലയിൽ വച്ചിരിക്കുന്ന ആഹാര സാധനമത്രേയും അകത്താക്കും. ഉപ്പുമാവും വടയും പഴംപൊരിയുമൊക്കെയാണ് സ്ഥിരം കഴിക്കുന്നത്. ദിവസവും വരുന്ന ആമകളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. എന്നാലും കുറഞ്ഞത് പത്തെണ്ണം വരെ വരുമെന്ന് ഹോട്ടലുടമയായ സന്തോഷ് പറയുന്നു.
അഞ്ച് മാസങ്ങൾക്ക് മുൻപാണ് ആമകൾ സിസിടിവിയിൽ പതിഞ്ഞത്. പിന്നീട് ഇലയിൽ ആഹാരം വച്ച് നൽകുകയായിരുന്നു. ഏഴരയ്‌ക്കും എട്ടിനുമിടയിലാണ് ആഹാരമെടുക്കാനെത്തുന്നത്. ആദ്യനാളുകളിൽ ആളുകളെ പേടിച്ചിരുന്നെങ്കിൽ ഇപ്പോൾ അതൊക്കെ പഴങ്കഥയായെന്ന് സന്തോഷ് പറയുന്നു. കൃത്യതയോടെയുള്ള ആമകളുടെ വരവും തീറ്റയും കാണാൻ ജവാൻ ഹോട്ടലിന് മുൻപിൽ വൈകുന്നേരങ്ങളിൽ തിരക്കാണ്. സേനയിൽ നിന്ന് വിരമിച്ചയാളാണ് താണിക്കുടം സ്വദേശിയായ സന്തോഷ്.