ഖാർത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ, ഭക്ഷണത്തിന് പകരം സൈനികരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട്. മനുഷ്യ മന:സാക്ഷിയെ ലജ്ജിപ്പിക്കുന്ന സംഭവം ‘ദി ഗാർഡിയൻ’ ആണ് റിപ്പോർട്ട് ചെയ്തത്.
ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും ലഭ്യമാക്കാനുള്ള ഏക മാർഗമാണിതെന്ന് ഒംദുർമാൻ നഗരത്തിൽ നിന്ന് പലായനം ചെയ്ത രണ്ട് ഡസനിലധികം സ്ത്രീകൾ പറഞ്ഞു. പ്രായമായ മാതാപിതാക്കൾക്കും 18 വയസ്സുള്ള മകൾക്കും ഭക്ഷണം ലഭിക്കാൻ മറ്റൊരു പോംവഴിയുമില്ല. എന്റെ മകളെ ഭക്ഷണം തേടി ഞാൻ ഒരിക്കലും പുറത്തേക്ക് അയച്ചിട്ടില്ല, ഒരു സ്ത്രീ പറഞ്ഞു.
ആഫ്രിക്കൻ രാജ്യമായ സുഡാനിൽ കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആഭ്യന്തര ഏറ്റുമുട്ടല്‍ രൂക്ഷമായത്. ജനറൽ അബ്ദുൽ ഫത്താഹ് അൽ-ബുർഹാന്റെ കീഴിലുള്ള സായുധസേനയും മുഹമ്മദ് ഹംദാൻ ഹെമെഡി ദഗാലോയുടെ കീഴിലുള്ള അർദ്ധസൈനികവിഭാഗമായ ദ്രുതകർമ്മസേനയും തമ്മിൽ പോരാടിക്കൊണ്ടിരിക്കുകയാണ്.
കടുത്ത പട്ടിണിയാണ് സുഡാൻ നേരിടുന്നത്. 25.6 മില്യൺ ആളുകൾ കടുത്ത ഭക്ഷ്യക്ഷാമംനേരിടുന്നുണ്ട്. അന്തർദേശീയ തലത്തിൽ രാജ്യത്തേക്ക് എത്തുന്ന സഹായങ്ങളും വിമതസേന തടയുകയാണ്.
സുഡാനിലെ സംഘർഷത്തിൽ പതിനായിരക്കണക്കിന് ആളുകൾ മരിക്കുകയും 10 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി ഐക്യരാഷ്‌ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു.