മൂന്നാം മോദി സർക്കാരിന്റെ ഒന്നാമത്തെ ബജറ്റ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നതോടെ തുടർച്ചയായി ഏഴു ബജറ്റുകൾ അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന അപൂർവ്വമായ റെക്കോഡിനുടമയാകും അവർ
എന്നാൽ ബജറ്റ് അവതരിപ്പിക്കാൻ എടുത്ത സമയത്തിന്റെ അടിസ്ഥാനത്തിൽ മറ്റു രണ്ടു അപൂർവ്വ നേട്ടങ്ങൾ കൂടി നിർമ്മല സീതാരാമന്റെ തൊപ്പിയിലുണ്ട്. ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയത് നിർമ്മലയാണ്. 2020 ലെ കേന്ദ്ര ബജറ്റ് 2 മണിക്കൂർ 40 മിനിറ്റ് ഉണ്ടായിരുന്നു . അത് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1:40 വരെ നീണ്ടു. 2024 ലെ ഇടക്കാല ബജറ്റ് പ്രഖ്യാപനം നിർമ്മലയുടെ കരിയറിലെ ഏറ്റവും ചെറിയ പ്രസംഗമായിരുന്നു.ഇത് കേവലം 56 മിനറ്റ് ആയിരുന്നു നീണ്ടത്.
ദൈർഘ്യത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനവും നിർമ്മലക്ക് തന്നെയാണ്. 2019- വർഷത്തെ പ്രസംഗം രണ്ട് മണിക്കൂറും 17 മിനിറ്റും നീണ്ടുനിന്നു. 2019 വർഷം ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ പലതു കൊണ്ടും ശ്രദ്ധേയമായിരുന്നു. ഇത് ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രിയുടെ ആദ്യ ബജറ്റ് അവതരണമായിരുന്നു.
ജസ്വന്ത് സിംഗിന്റെ 2003 ലെ ബജറ്റ് പ്രസംഗം രണ്ട് മണിക്കൂറും 13 മിനിറ്റും ആയിരുന്നു. അദ്ദേഹം തന്റെ പ്രസംഗത്തിൽ സാർവത്രിക ആരോഗ്യ ഇൻഷുറൻസ് നിർദ്ദേശിച്ചു, ആദായനികുതി റിട്ടേണുകളുടെ ഇ-ഫയലിംഗ് പ്രഖ്യാപിച്ചു, ചില ഇനങ്ങളുടെ എക്സൈസ്, കസ്റ്റംസ് തീരുവ കുറയ്ക്കൽ എന്നിവ പ്രഖ്യാപിച്ചു.
2014ൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി രണ്ട് മണിക്കൂറും 10 മിനിറ്റുമാണ് ബജറ്റ് പ്രഖ്യാപനത്തിന് എടുത്തത്. ആ പ്രസംഗത്തിൽ 2 ലക്ഷം രൂപയിൽ നിന്ന് 2.5 ലക്ഷം രൂപ വരെ നികുതി ഇളവ് പ്രഖ്യാപിക്കുകയും പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) 49 ശതമാനമായി ഉയർത്തുകയും ചെയ്തു.
ഇനി ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന വാക്കുകളുടെ എണ്ണം നോക്കിയാൽ 1991 ലെ ബജറ്റ് അവതരണത്തിൽ മുൻ ധനമന്ത്രി മൻമോഹൻ സിംഗ് 18,700 വാക്കുകളുമായി ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തി എന്ന് കാണാം. 18,604 വാക്കുകളുമായി അരുൺ ജെയ്റ്റ്ലിയാണ് രണ്ടാം സ്ഥാനത്ത്.
1977-ൽ മൊറാർജി ദേശായി മന്ത്രിസഭയുടെ കീഴിൽ ധനമന്ത്രിയായിരുന്ന ഹിരുഭായ് മുൽജിഭായ് പട്ടേലാണ് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ചെറിയ ബജറ്റ് അവതരിപ്പിച്ചത്. വാക്കുകളുടെ എണ്ണത്തിലും ഏറ്റവും ചെറിയ പ്രസംഗം ഹിരുഭായ് എം. പട്ടേലിന്റെ ഇടക്കാല ബജറ്റ് പ്രസംഗംആണ്. 800 വാക്കുകൾ മാത്രം ഉപയോഗിച്ച് 1977-ൽ അദ്ദേഹം കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു.
ഇന്ന് മറ്റൊരു പ്രസംഗം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ,അത് ഇന്ത്യയുടെ ചരിത്രത്തിൾ എങ്ങിനെ അടയാളപ്പെടുത്തും എന്ന് കാത്തിരുന്ന് കാണാം