ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മോഡൽ സ്കിൽ ലോൺ പദ്ധതി പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി. മോഡൽ സ്കിൽ ലോൺ പദ്ധതി പ്രകാരം 7.5 ലക്ഷം വായ്പ വരെ വിദ്യാർത്ഥികൾക്ക് നൽകും. പ്രതിവർഷം 25,000 വിദ്യാർത്ഥികൾക്ക് മോഡൽ സ്കിൽ ലോൺ പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
രാജ്യത്തിന് അകത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നതവിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇ-വൗച്ചറുകൾ നൽകുമെന്ന് ബജറ്റ് അവതരണത്തിൽ നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. വിദ്യാർത്ഥിനികൾക്ക് പ്രത്യേകം പരിഗണന നൽകും. ഇത്തരത്തിൽ ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് പ്രതിവർഷം സഹായം ഉറപ്പാക്കും. 3% വായ്പ തുകയിന്മേലുള്ള വാർഷിക പലിശയിൽ ഇളവ് നൽകുന്നതാണ്.
വിദ്യാഭ്യാസ ചെലവ് താങ്ങാവുന്ന രീതിയിലാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് പദ്ധതിയിൽ പരിഷ്കാരം വരുത്തിയത്. ഇതുവഴി ഉന്നതവിദ്യാഭ്യാസത്തിനുള്ള ചെലവ് ചുരുക്കാനും വായ്പയിന്മേലുള്ള പലിശയിൽ ഇളവ് ലഭിക്കാനും വിദ്യാർത്ഥികളെ സഹായിക്കും. പെൺകുട്ടികൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നത് വിദ്യാർത്ഥിനികളുടെ ഉന്നതപഠന സാധ്യത ഉയർത്തുകയും ചെയ്യും.