മയക്കുമരുന്ന് ഉപയോഗം മനുഷ്യരിൽ വർദ്ധിച്ചു വരുന്നത് സംബന്ധിച്ച് ദിവസവും നിരവധി വാർത്തകളാണ് നമുക്ക് മുൻപിലെത്തുന്നത്. കൊക്കെയ്നും കഞ്ചാവുമെല്ലാം അടിച്ച് ‘കിളി’ പോയിരിക്കുന്ന മനുഷ്യരെക്കുറിച്ചുളളതാണ് ഈ വാർത്തകളിൽ അധികവും. എങ്കിൽ ബ്രസീലിയൻ കടൽതീരങ്ങളിലെ സ്രാവുകളിൽ വൻ തോതിൽ കൊക്കെയ്ൻ അടങ്ങിയിരിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
റിയോ ഡി ജനീറോയ്‌ക്കടുത്തുള്ള കടലിലെ ഷാർപ് നോസ് സ്രാവുകളിൽ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. 13 സ്രാവുകളിൽ നടത്തിയ പഠനത്തിൽ അമിത അളവിലുള്ള കൊക്കെയ്‌ന്റെ സാന്നിധ്യമാണ് ശാസ്ത്രലോകം കണ്ടെത്തിയത്. സ്രാവുകളുടെ കരളിലെ സാംപിളുകളും മസിലുകളിലെ സാംപിളുകളുമാണ് കൊക്കെയ്‌ന്റെ സാന്നിധ്യം പരിശോധിക്കുന്നതിനായി ശാസ്ത്രജ്ഞർ ശേഖരിച്ചത്. ഇതിൽ 92 ശതമാനത്തിലും കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
സ്രാവുകൾക്ക് എവിടെ നിന്ന് കൊക്കെയ്ൻ ലഭിക്കുന്നുവെന്ന്തിന്റെ സംശയങ്ങളും ഗവേഷകർ ചൂണ്ടിക്കാട്ടി. രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് ലാബുകളിൽ നിന്ന് വൻ തോതിൽ മയക്കുമരുന്ന് കടലിലേക്ക് തള്ളുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്ന മനുഷ്യരുടെ വിസർജ്യം അഴുക്ക് ചാലിലൂടെ കടലിലേക്ക് ഒഴുകിയെത്തുന്നതുമായിരിക്കാം ഇതിന് പിന്നിലെ ഒരു കാരണമെന്ന് ഗവേഷകർ പറയുന്നു.
അനധികൃത ലഹരി കടത്തുകാർ കടലിൽ ഉപേക്ഷിക്കുന്ന മയക്കുമരുന്ന് പാക്കേജുകളിലൂടെ സ്രാവുകളുടെ ശരീരത്തിൽ ലഹരി വസ്തുക്കൾ എത്താനുള്ള സാധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല. പൊലീസിന്റെ പിടിയിൽ വീഴാതിരിക്കാൻ ഇത്തരത്തിൽ കൊക്കെയ്ൻ ശേഖരം അമിതമായി കടലിൽ തള്ളുന്നതും സ്രാവകൾ ഭക്ഷിക്കാൻ ഇടയാവുന്നു.
എന്നാൽ ഇത്തരം ലഹരി വസ്തുക്കൾ കഴിക്കുമ്പോൾ മനുഷ്യരെക്കാൾ വലിയ രീതിയിൽ സ്രാവുകളെ ഇത് ബാധിച്ചേക്കാം. സ്രാവുകളുടെ കാഴ്ചശക്തി നഷ്ടപ്പെട്ട് അവ കൂട്ടത്തോടെ ചത്ത്‌പൊങ്ങാൻ ഇത് ഇടയാക്കുമെന്നും ശാസ്ത്രസംഘം മുന്നറിയിപ്പ് നൽകുന്നു.















