ന്യൂഡൽഹി: തീരദേശ വാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ വീണ്ടും കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ അദ്ദേഹം മന്ത്രിയോട് വിശദീകരിച്ചു.
പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനും തീരദേശ ഗ്രാമങ്ങളുടെ സംരക്ഷണത്തിനും കടൽഭിത്തി സ്ഥാപിക്കുന്നതിനും പൂവ്വാറിൽ മിനി ഹാർബർ സ്ഥാപിക്കുന്നതടക്കം വിശദമായ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനും പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനും വിദഗ്ധരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും പ്രതിനിധി സംഘത്തെ തിരുവനന്തപുരത്തേക്ക് അയയ്‌ക്കണമെന്നും രാജീവ് ചന്ദ്രശേഖർ അഭ്യർത്ഥിച്ചു.
നേരത്തെ ഇത് സംബന്ധിച്ച് നൽകിയ നിവേദനങ്ങൾക്കു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖർ മന്ത്രിയെ നേരിൽക്കണ്ട് അഭ്യർത്ഥന നടത്തിയത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ തീരദേശവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും ശാശ്വത പരിഹാരത്തിന് ശ്രമിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു.















